തൃശൂർ: തൃശൂരിൽ വൻ സ്വർണകവർച്ച. കയ്പമംഗലം മൂന്നുപീടികയിലെ ഗോൾഡ് ഹാർട്ട് ജൂവലറിയിലാണ് കവർച്ച. മൂന്നേ മുക്കാൽ കിലോ വരുന്ന ഒന്നേമുക്കാൽ കോടി രൂപയുടെ സ്വർണമാണ് നഷ്ടപ്പെട്ടത്. ഭിത്തി തുരന്നായിരുന്നു മോഷണം. രാവിലെ പത്ത് മണിയോടെ ജൂവലറി തുറക്കാനെത്തിയ ഉടമ സലിമാണ് മോഷണം വിവരം ആദ്യം അറിയുന്നത്. ജൂവലറിക്കകത്ത് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് നഷ്ടപ്പെട്ടിട്ടുള്ളത്. ജൂവലറി ഉടമ സലിമും, ഒരു ജീവനക്കാരനും മാത്രമാണ് കടയിലുള്ളത്.
ഇന്നലെ രാത്രി 9 മണിക്ക് ജൂവലറി പൂട്ടി ഇരുവരും പോയിരുന്നു. മോഷണം നടത്തിയതിന് ശേഷം ജൂവലറിക്കകത്ത് മോഷ്ടാക്കൾ തെളിവുകൾ നശിപ്പിക്കുന്നതിനായി മുളക് പൊടി വിതറിയിട്ടുണ്ട്. ദേശീയപാതയോട് ചേർന്ന് പ്രവർത്തിക്കുന്ന ജൂവലറിയുടെ വലത് വശം പുല്ലുകൾ നിറഞ്ഞ് കാട് പിടിച്ച് കിടക്കുന്ന അവസ്ഥയിലാണ്. ഈ ഭാഗത്ത് കൂടെയാണ് മോഷ്ടാക്കൾ എത്തി ഭിത്തി തുരന്നിട്ടുള്ളത്.
രണ്ടടിയോളം വലുപ്പത്തിലാണ് ഭിത്തി തുരന്നിരിക്കുന്നത്. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡും, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.