sandhya-

സിന്ധു നദിയുടെ പോഷക നദിയായ സുരുവിന്റെ ഓരം ചേർന്നുള്ള വഴിത്താരയിലൂടെ ഞങ്ങളുടെ ടാക്സി ഓടിത്തുടങ്ങിയിട്ടു നേരം കുറെയായി. കളകളാരവം മുഴക്കുന്ന നദിയും റോഡും ഏതാണ്ട് ചേർന്നു നീങ്ങുന്നിടത്തെത്തിയപ്പോൾ മോൾ പറഞ്ഞു 'റിയാസ് ഭൈയ്യാ, കാറു നിർത്തൂ, എനിക്കു സിന്ധു തൊടണം'. സിന്ധുവിന്റെ തണുപ്പിനെക്കുറിച്ചും വിശുദ്ധിയെക്കുറിച്ചുമൊക്കെ വാചാലനായി ഉത്സാഹത്തോടെ റിയാസ് കാർ ഓരം ചേർത്തു നിറുത്തി. ഞങ്ങൾ എല്ലാവരും പതുക്കെ നദിയിലിറങ്ങി. ആഹാ എന്തൊരു തണുപ്പ് ! 'ഹിമാലയത്തിലെ മഞ്ഞുരുകി വരുന്ന വെള്ളത്തിനു പിന്നെ തണുപ്പല്ലാതെ'. വെള്ളം കോരിക്കുടിച്ചും മുട്ടോളം കാലു നനച്ചും, മതിയാവോളം സമയം കഴിഞ്ഞപ്പോൾ സമയം

ഉച്ചയ്ക്കു രണ്ടു മണി.
അതാ നദിയിൽ നിന്നു ദൂരത്തല്ലാതെ ഒരു ചായക്കട. അവിടെ എന്തെങ്കിലും കിട്ടുമോ എന്നു നോക്കാം എന്നായി മോൾ. ആ ചെറിയ കടയിലെ പരിമിതമായ സൗകര്യത്തിൽ എന്തു കിട്ടും എന്ന് റിയാസ് തിരക്കി. പറാട്ടയും ദാലും കറിയും പെട്ടെന്നു തയ്യാറാക്കാം എന്നായി, സെലേം എന്ന ആ കടയിലുണ്ടായിരുന്ന സഹോദരന്മാർ. അവർക്ക് ആകെ ഒരു സങ്കോചം. ഞങ്ങൾ റിയാസിനോടു തിരക്കി, 'എന്തേ ഇവർക്കു ഞങ്ങളൊടു സംസാരിക്കാനൊരു മടി?'
'അതു പിന്നെ നിങ്ങൾ തെക്കേ ഇന്ത്യയിൽ നിന്നാണെന്നു പറഞ്ഞപ്പോൾ ചോറും കറികളുമൊന്നും നൽകാൻ തങ്ങൾക്കാവില്ലല്ലോ, ഇവർക്കു ഞങ്ങളുടെ ഭക്ഷണം പിടിക്കുമോ, എന്ന ആശങ്കയാണവർക്ക്'.
'റസൂൽ ഭയ്യാ, നിങ്ങളുടെ തനതായ ഭക്ഷണം കഴിക്കാനല്ലേ ഞങ്ങൾ ഇത്ര ദൂരം യാത്ര
ചെയ്തിവിടെ വന്നിരിക്കുന്നത്? നിങ്ങൾ ദിവസവും കഴിക്കുന്ന ഭക്ഷണം ഉണ്ടാക്കിത്തരുമോ?
അതെന്താണെന്നറിയാനല്ലേ ഞങ്ങളിവിടെ കയറിയത്?'

മോളുടെ സംസാരം കേട്ട് ആ പയ്യന്റെ മുഖം അമ്പിളി പോലെ തെളിഞ്ഞു. അവനു വിശ്വാസം വരാനായി മോൾ സഞ്ചിയിൽ നിന്ന് ഞങ്ങൾ ഇടയ്ക്കു കഴിക്കാൻ കരുതിയ മുറുക്കും അരിയുണ്ടയും കൊടുത്തപ്പോൾ വലിയ അദ്ഭുതത്തോടെ അതൊക്കെ രുചിച്ച് ഏറെ ഇഷ്ടപ്പെട്ടെന്നു പറഞ്ഞു.

'എങ്കിൽ നിങ്ങളുണ്ടാക്കുന്നതു ഞങ്ങൾക്കും ഇഷ്ടപ്പെടും'. റസൂൽ ഏറെ ഉത്സാഹത്തോടെ ചൂടു ഭക്ഷണം വിളമ്പി. ആഹാ... എന്തൊരു സ്വാദ്. ഭക്ഷണമുണ്ടാക്കുന്നവരുടെ സ്‌നേഹം കലരുമ്പോൾ അതിന്റെ രുചി എത്ര ഇരട്ടിയാകുമെന്നോ. ഇതിനിടയിൽ കാർഗിലിലെ അവരുടെ ജീവിതത്തെ കുറിച്ച് ഏറെ കാര്യങ്ങൾ ഞങ്ങൾ മനസ്സിലാക്കി. തണുപ്പുകാലമായാൽ പിന്നെ കടയും കച്ചവടവുമൊന്നുമില്ല. മലമുകളിലുള്ള വീട്ടിലേയ്ക്കു പോകും. തണുപ്പത്ത് വേണ്ട വിറക്, വെള്ളം, ഭക്ഷണ സാധനങ്ങൾ ഇവയൊക്കെ നേരത്തെ ശേഖരിച്ചു വയ്ക്കും. ഒരു സാധനവും വാങ്ങാൻ കടകളൊന്നുമുണ്ടാവില്ല.

' അമ്മയ്ക്ക് കാർഗിൽ യുദ്ധത്തിനു ശേഷം മനസിനു തീരെ സുഖമില്ല. അതിനാൽ ഞങ്ങളുടെ വരവും പ്രതീക്ഷിച്ചിരുപ്പാണ്. '
'എന്തേ അമ്മയ്ക്ക്?' 'അതു പിന്നെ ഏതു നിമിഷവും ഒരു ഷെല്ലു വന്നു വീടിനു മുകളിൽ വീണേക്കാം എന്ന ഭീതിയിൽ ഏറെ നാൾ കഴിഞ്ഞതിന്റെ കുഴപ്പമാണ്. അന്നു ഞങ്ങൾ വളരെ ചെറിയ കുട്ടികളല്ലേ. രാത്രിയായാൽ വിളക്കു തെളിയിക്കാൻ പാടില്ല. പകലും പുക ഉയരാൻ പാടില്ല. ഓരോ നിമിഷവും അമ്മ ഞങ്ങളെ ചേർത്തു പിടിച്ച് പ്രാർത്ഥിക്കും'. 'കാർഗിൽ യുദ്ധത്തിന്റെ ആ ഭീകര രാത്രികളിൽ പട്ടാളവണ്ടികൾ ലൈറ്റ് തെളിക്കാതെ എൻജിൻ ഇടയ്ക്കിടെ ഓഫ് ചെയ്ത് റോന്തു ചുറ്റും. അത്തരമൊരു വണ്ടിയിലാണ് നമ്മുടെ പട്ടാളക്കാർ ഒരു ദിവസം ഞങ്ങളെ രക്ഷിച്ച് വിദൂര ക്യാമ്പിലേയ്ക്കു കൊണ്ടു പോയത്. യുദ്ധമെല്ലാമവസാനിച്ച് ഞങ്ങൾ വീട്ടിലെത്തുമ്പോൾ വീട്ടുമുറ്റത്തു കിടന്ന ഷെല്ലുകളിലൊന്നാണ് ദേ ഈ കടയുടെ മുൻപിൽ ഞങ്ങൾ വച്ചിരിയ്ക്കുന്നത്. ഞങ്ങളുടെ ഗ്രാമം ശത്രുക്കൾ പിടിച്ചടക്കാതെ ഞങ്ങൾക്കവിടെ തിരിച്ചെത്താൻ സാധിച്ചതിന് നമ്മുടെ പട്ടാളത്തിനും സർവ്വശക്തനായ ഈശ്വരനും നന്ദി' റസൂൽപറഞ്ഞു നിറുത്തി.
മോളുടെ കണ്ണു നിറഞ്ഞിരുന്നു. 'ഭൈയ്യാ എന്തിനാണിത്ര കഷ്ടപ്പെട്ട് ഇവിടെ ജീവിയ്ക്കുന്നത്? അമ്മയേയും കൂട്ടി ചികിത്സാ സൗകര്യമൊക്കെയുള്ള കുറച്ചു കൂടി മെച്ചപ്പെട്ട കാലാവസ്ഥയുള്ള സ്ഥലത്തേയ്ക്കു താമസം മാറ്റരുതോ?

'ഇല്ല, ഞങ്ങൾക്ക് ഈ ജീവിതരീതിയേ അറിയൂ'. ഇവിടം വിട്ട് എങ്ങോട്ടും പോകാൻ ഞങ്ങൾക്കാവില്ല; സഹോദരീ'.

ആ കടയിൽ നിന്നു പിരിയുമ്പോഴേയ്ക്കും ഞങ്ങൾ ചിരകാല കുടുംബ സുഹൃത്തുക്കളെപ്പോലെ അടുത്തു. നിറകണ്ണുകളോടെയാണ് ആ സഹോദരന്മാരും എന്റെ മകളും യാത്ര പറഞ്ഞത്.

കാർഗിൽ യുദ്ധസ്മാരകം സന്ദർശിക്കുമ്പോൾ ആ ധീരസ്മൃതി ഭൂമിയിലുറങ്ങുന്ന വീരജവാന്മാർ എങ്ങനെ ഇന്നും ജീവിക്കുന്നവരുടെ മനസിലെ നിത്യനായകന്മാരായി എന്നു കൂടുതൽ മനസിലാക്കാൻ ആ കൊച്ചു ചായക്കട സന്ദർശനം സഹായിച്ചു. യുദ്ധഭൂമിയിലെ ഓപ്പറേഷൻ പ്രത്യേകമായി ഞങ്ങൾക്കു പറഞ്ഞു തന്ന ആർമി ഓഫീസറോട് യാത്രാമൊഴിയായി നിങ്ങൾ ഭാരതത്തിന്റെ ഓരോ തരിമണ്ണി ലും ജീവിക്കുന്നവരുടെ സുരക്ഷാ കവചമായി എന്നും തിളങ്ങട്ടെ എന്നാശംസിക്കുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ തിളങ്ങി.