മലയാളത്തിന്റെ ബഹുമുഖ പ്രതിഭയായ ലാലിന്റെ അനന്തരവൻ ബാലുവർഗീസ് നായകനിരയിൽ ഒരു ഇരിപ്പിടംസ്വന്തമാക്കുന്നു....
'പൊളിച്ച് സീനേ....ഫ്രീക്ക് ഐഡിയ ..!' അസ്സല് കൊച്ചിക്കാരൻ ബാലു വർഗീസ് മലയാള സിനിമയിൽ എത്തിയിട്ട് പതിറ്റാണ്ടായി. ചന്തപൊട്ടായിരുന്നു ബാലുവിന്റെ ആദ്യ സിനിമ.എന്നാൽ ഹണി ബീയിലെ ആബ്രോസാണ് പ്രേക്ഷകരോട് ഏറ്റവും ചേർന്നിരിക്കുന്ന കഥാപാത്രം.ഈ വർഷം ബാലുവിന്റെ ജീവിതം ഒന്നുകൂടി കളറായി. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ നടിയും മോഡലുമായ എലീന കാതറിൻ ബാലുവിന്റെ ജീവിത സഖിയായി.ലോക്ക്ൺഡൗൺ ഡേയ്സിൽ കൊച്ചിയിലെ വീട്ടിൽ കൃഷിയൊക്കെയായി തിരക്കിലാണ് രണ്ടുപേരും. തന്റെ പുത്തൻ വിശേഷങ്ങൾ താരം പങ്കുവയ്ക്കുന്നു....
എലീന പൊളിയാണ്
ഹായ് അയാം ടോണിയുടെ സെറ്റിൽ വച്ചാണ് ഞാനും എലീനയും ആദ്യമായി കാണുന്നത്.പിന്നിട് ചങ്ക് കമ്പനിയായി.ഞങ്ങൾ ഒരേ വൈബാണ്.രണ്ടുപേർക്കും തോന്നി ഞങ്ങൾ ഒരുമിച്ചാൽ അടിപൊളിയാവുമെന്ന്.രണ്ടു വീട്ടുകാരും സമ്മതം പറഞ്ഞതോടെ ഞങ്ങളും ഹാപ്പി.
ഫോർട്ടുകൊച്ചിക്കാരൻ ഫ്രീക്കൻ
സത്യത്തിൽ ഞാനൊരു ഫോർട്ടുകൊച്ചിക്കാരനല്ല. ഞാൻ താമസിക്കുന്നത് ഇടപ്പള്ളിയിലാണ്. പക്ഷേ ഫോർട്ടുകൊച്ചിയിൽ എനിക്കൊരുപാട് സുഹൃത്തുക്കളുണ്ട്. ഷൂട്ട് ഇല്ലാത്ത സമയങ്ങളിൽ ഞാൻ മിക്കപ്പോഴും അവരുടെ അടുത്താണ്. മനസിൽ അല്പം പോലും കളങ്കമില്ലാത്ത, സ്നേഹിക്കാൻ മാത്രമറിയുന്ന മച്ചാന്മാരുടെ നാടാണ് ഫോർട്ടുകൊച്ചി. മിക്ക സിനിമകളിലും ഫോർട്ടുകൊച്ചിക്കാരെ ഗുണ്ടകളും ക്വട്ടേഷൻ സംഘങ്ങളുമായിട്ടാണ് കാണിക്കുന്നത്. സത്യത്തിൽ അവരെല്ലാം പാവങ്ങളാണ്. മച്ചാന്മാരുടെ സ്നേഹത്തിനു മുന്നിൽ ഞാൻ എല്ലാംമറക്കും.വല്ലാത്തൊരു ഹൃദയബന്ധമാണ് അവരുമായി.എനിക്ക് കൂടുതലും വരുന്നത് യോ...യോ പയ്യന്റെ വേഷമാണ്. എന്റെ പ്രായവും അതാണല്ലോ. അപ്പോൾ പക്വതയുള്ള വേഷങ്ങൾ വേണമെന്ന് വാശിപിടിക്കാൻ കഴിയില്ല.
സിനിമ കുടുംബം
സിനിമാ കുടുംബമാണ് ഞങ്ങളുടേത് .അമ്മയുടെ ജ്യേഷ്ഠനാണ് നടനും സംവിധായകനുമായ ലാൽ. അച്ഛൻ ലാൽ ക്രിയേഷൻസിന്റെ ജനറൽ മാനേജരാണ്. അതുകൊണ്ടു തന്നെ സിനിമ കണ്ടും അറിഞ്ഞുമാണ് വളർന്നത്. അപ്പനും അമ്മയ്ക്കും സിനിമാ ഭ്രാന്താണ്. എല്ലാ ശനിയും ഞായറും ഞങ്ങൾ സിനിമ കാണാൻ പോകുമായിരുന്നു. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്.ദിലീപേട്ടൻ നായകനായ ചാന്തുപൊട്ടിൽ. ലാൽ അങ്കിളായിരുന്നു നിർമ്മാതാവ്. ഇന്ദ്രജിത്ത് ചേട്ടന്റെ ചെറുപ്പകാലം ചെയ്യാനാണ് എന്നെ വിളിച്ചത്. ആദ്യ ഷോട്ടിൽ തന്നെ ഓകെയായി. നന്നായെന്ന് ലാൽ ജോസ് സാർ പറഞ്ഞു.അത് കേട്ടപ്പോൾ വലിയ സന്തോഷമായി. അന്ന് കിട്ടിയ ആത്മവിശ്വാസമാണ് ഇന്നും കൈവിടാതെ കൊണ്ട് നടക്കുന്നത്.
ആസിഫ് അലിയുമായി നല്ല കെമിസ്ട്രിയാണല്ലോ?
മൂന്നു ചിത്രങ്ങളിലേ ഞങ്ങൾ ഒന്നിച്ച് അഭിനയിച്ചിട്ടുള്ളു. പക്ഷേ പത്തു ചിത്രങ്ങളിൽ അഭിനയിച്ച ഫീലാണ് പ്രേക്ഷകർക്ക് .ഹണീ ബിയിൽ ഞാൻ അവതരിപ്പിച്ച ആബ്രോസ് എന്ന കഥാപാത്രം ആസിഫിന്റെ സെബാനെ വിളിക്കുന്നത് മച്ചാനെന്നാണ്. സിനിമയ്ക്ക് പുറത്തും ഞങ്ങൾ മച്ചാൻ എന്നാണ് പരസ്പരം വിളിക്കുന്നത്. ആസിഫിനോട് എന്തും തുറന്നു സംസാരിക്കാം.ചിലപ്പോൾ നല്ല ഉപദേശങ്ങൾ തന്ന് വഴികാട്ടുന്ന ഒരു ജ്യേഷ്ഠസഹോദരനാണ്.മറ്റ് ചിലപ്പോൾ നമ്മളോടൊപ്പം അടിച്ചുപൊളിക്കുന്ന അടുത്ത സുഹൃത്ത്.
ഹണീ ബിയുടെ ചിത്രീകരണ സമയത്തെ അനുഭവങ്ങളൊന്നും മറക്കാൻ കഴിയില്ല. സത്യത്തിൽ അതൊരു സിനിമ ഷൂട്ടിംഗ് ആണെന്നേ തോന്നിയിട്ടില്ല. ഞങ്ങൾ മച്ചാന്മാരെല്ലാം കൂടി സെറ്റിൽ അടിച്ചുപൊളിച്ചു. ബാച്ചിലേഴ്സ് പാർട്ടിപോലെയായിരുന്നു എല്ലാ ദിവസത്തെയും ചിത്രീകരണം. ചിത്രത്തിന്റെ സംവിധായകനായ ജീൻ ചേട്ടൻ(ലാൽ ജൂനിയർ) സിനിമയ്ക്ക് വേണ്ടി ആരും അഭിനയിക്കരുതെന്ന് പ്രത്യേകം പറഞ്ഞിരുന്നു.
നമ്മൾ സുഹൃത്തുക്കൾ ഒന്നിച്ചു കൂടുമ്പോൾ എങ്ങനെയാണോ ഇടപെടുന്നതു അത് മാത്രം ചെയ്താൽ മതിയെന്നാണ് പുള്ളിക്കാരൻ പറഞ്ഞത്.സിനിമ ഇറങ്ങിയപ്പോൾ കള്ളുകുടിയും ലഹരി ഉപയോഗവും അല്പം കൂടി പോയെന്നു വിമർശനമുയർന്നിരുന്നു.
ഏതു പുതിയ ട്രെൻഡ് വന്നാലും ഇത്തരത്തിലുള്ള വിമർശനങ്ങൾ ഉണ്ടാവാറുണ്ട്. സിനിമയെ സിനിമയായി കാണുന്നവരാണ് മലയാളികൾ. വേറെ ജോലിയൊന്നുമില്ലാതെ എന്തിനെയും വിമർശിക്കുന്ന കുറെ പേർ ഇവിടെയുണ്ട്. ചിലരുടെ സംസാരം കേട്ടാൽ തോന്നും ഞങ്ങളാണ് ആദ്യമായിട്ട് സിനിമയിൽ കള്ളും കഞ്ചാവും ഉപയോഗിച്ചതെന്ന് .ഫോർട്ട് കൊച്ചിയിലെ ഒരു കൂട്ടം അടിച്ചുപൊളി പയ്യന്മാരുടെ കഥപറയുമ്പോൾ അതിൽ കള്ളുണ്ടാവരുതെന്ന് പറഞ്ഞാൽ എങ്ങനെയാ ശരിയാവുക.ചെറുപ്പക്കാരാകുമ്പോൾ അല്പസ്വല്പം മദ്യമൊക്കെ ഉപയോഗിക്കില്ലേ.
ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം?
ഹണീ ബിയിലെ ആംബ്രോസ്.എന്നെ പലരും ആംബ്രോസ് എന്നാണ് വിളിക്കുന്നത്. അതിലെ എന്റെ വിഗ് സ്വന്തം മുടിയാണെന്നു വിചാരിച്ചിരുന്നവർ പോലുമുണ്ട്. ഹണീ ബിയുടെ തിരക്കഥ രൂപപ്പെടുന്നതു മുതൽ ഞാൻ ഉണ്ടായിരുന്നതുകൊണ്ട് എന്റെ മനസിൽ അടുത്ത് നിൽക്കുന്ന കഥാപാത്രമാണ് ആംബ്രോസ്.
കിംഗ് ലയറിൽ ദിലീപുമൊത്തുള്ള അഭിനയം?
കിംഗ് ലയർ കഴിഞ്ഞപ്പോൾ അഭിനയത്തിന്റെ യൂണിവേഴ്സിറ്റിയിൽ നിന്നു പഠനം കഴിഞ്ഞിറങ്ങിയ അനുഭവമായിരുന്നു. ദിലീപേട്ടനോടൊപ്പമുള്ള അഭിനയം മറക്കാൻ കഴിയില്ല. ഡയലോഗ് പറയുമ്പോഴുള്ള അദ്ദേഹത്തിന്റെ ടൈമിംഗ് അപാരമാണ്. പൊതുവെ ഞാൻ വളരെ വേഗത്തിലാണ് ഡയലോഗുകൾ പറയുന്നത്. ഇത്രയും വേഗത്തിൽ ഡയലോഗ് പറഞ്ഞാൽ കേൾക്കുന്നവർക്ക് വ്യക്തമാകില്ലെന്ന് ദിലീപേട്ടൻ പറഞ്ഞു തന്നു. ഓരോ ഡയലോഗും പറയുമ്പോഴുള്ള മോഡുലേഷനും ടൈമിംഗുമെല്ലാം ഞാൻ ദിലീപേട്ടനിൽ നിന്നാണ് കൃത്യമായി പഠിച്ചത്.
യാത്രകൾ ഇഷ്ടമാണോ?
തീർച്ചയായും. ഷൂട്ടിംഗ് ഇല്ലാത്ത സമയങ്ങളിൽ മിക്കപ്പോഴും യാത്രകൾക്കാണ് സമയം മാറ്റിവയ്ക്കുന്നത്. സ്ഥിരമായി ട്രക്കിംഗ് നടത്തുന്ന കൂട്ടുകാർ എനിക്കുണ്ട്. അവരുമായി ഏതെങ്കിലും കാട്ടിലേക്ക് കയറും. ജീവിതത്തിന്റെ സുഖലോലുപതകളിൽ നിന്നെല്ലാം മാറി കുറേ ദിവസം കാടിന്റെ വന്യതയിലൂടെ ഒരു യാത്ര. അത്തരം യാത്രകൾ കഴിഞ്ഞു തിരിച്ചു വീട്ടിൽ വരുമ്പോൾ വല്ലാത്ത ഒരു ശാന്തതയാണ് മനസിനും ശരീരത്തിനും.
ഭാവി പരിപാടികൾ
ഓപ്പറേഷൻ ജാവയും T. സുനാമിയുമാണ് ഇനി റിലീസിനൊരുങ്ങുന്ചിത്രങ്ങൾ.സിനിമയിൽ തന്നെ തുടരാനാണ് ആഗ്രഹം. നല്ല കഥാപാത്രങ്ങൾക്കായി കാത്തിരിയ്ക്കുന്നു.