ആലപ്പുഴ: ഗര്‍ഭിണിയായ വീട്ടമ്മ മകനെ കൊലപ്പെടുത്തിയ ശേഷം വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. പെരിങ്ങോട്ട് നികര്‍ത്തില്‍ വിനോദിന്റെ ഭാര്യ രജിത(30) മകന്‍ വൈഷ്ണവ്(10) എന്നിവരാണ് മരിച്ചത്. വൈഷ്ണവിന്റെ മൃതദേഹം കട്ടിലിന്റെ കാലിലും രജിതയുടേത് ഫാനിലും കെട്ടിത്തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. കടബാദ്ധ്യതകൾ വിവരിച്ച് കഴിഞ്ഞ ദിവസം രജിത ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു.
ഗ്യാസിനും കറന്റ് ചാർജിനും പണമില്ലെന്നും കടം വാങ്ങി മടുത്തുവെന്നും രജിത ഇന്നലെ ഫേസ് ബുക്കിൽ കുറിച്ചത്. പിന്നാലെയാണ് ഇന്ന് രാവിലെ ഇവരുടെ മരണവാർത്ത പുറം ലോകം അറിയുന്നത്. രജിത നാലുമാസം ഗർഭിണിയാണ്. ഇന്ന് രാവിലെ കിടപ്പുമുറിയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കടബാദ്ധ്യത മൂലമാണ് ആത്മഹത്യയെന്നും മകൻ തനിച്ചായാൽ അവനെ ആരും നോക്കില്ലെന്നും അതിനാൽ മരിക്കുന്നു എന്നും എഴുതിയ ആത്മഹത്യകുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
കൽപ്പണിക്കാരനായ വിനോദ് കൊല്ലത്ത് ജോലിസ്ഥലത്താണ് താമസം. ആഴ്ചയിലൊരിക്കാലാണ് വീട്ടിലെത്തുക. നേരം പുലർന്നിട്ടും രജിതയെയും വൈഷ്ണവിനെയും പുറത്ത് കാണാത്തതിനാൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. രജിത ആത്മഹത്യ ചെയ്തതാണെന്നാണ് കരുതുന്നത്. കിടപ്പ് മുറിയ്ക്കുള്ളിൽ അടുത്തടുത്തായാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഉറക്കത്തിൽ വൈഷ്ണവിനെ അപായപ്പെടുത്തിയശേഷം രജിത ജീവനൊടുക്കിയതാകാമെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു.
കുത്തിയതോട് സി.ഐയുടെ നേതൃത്വത്തിൽ പൊലീസും കോടന്തുരുത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈനി പെരിങ്ങാട്ടും ആർ.ഡി.ഒയും സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. കൊവിഡ് പരിശോധനയ്ക്ക് ശേഷം മൃതദേഹങ്ങൾ ആലപ്പുഴ മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തും.