aamish

അമേരിക്ക എന്നു കേൾക്കുമ്പോൾ നമ്മുടെ മനസിൽ ഓടിയെത്തുന്നത് അംബരചുംബികളായ കെട്ടിടങ്ങളും ആഡംബര കാറുകളും പരിഷ്കാരികളായ ആളുകളുമൊക്കെയായിരിക്കും. എന്നാൽ, ഈ സങ്കൽപ്പങ്ങളെ തച്ചുടച്ചു കളയുന്ന ചില സ്ഥലങ്ങളും അമേരിക്കയിലുണ്ട്. നഗരത്തിൽ നിന്നും മാറി ഗ്രാമങ്ങളിൽ മാത്രം വസിക്കുന്ന, ആഡംബരത്തോട് മുഖം തിരിക്കുന്ന, ഇന്നും 300 വർഷം പിന്നിലെന്ന് കരുതാവുന്ന രീതിയിൽ ജീവിക്കുന്ന ആമിഷുകൾ എന്ന സമൂഹം ജീവിക്കുന്ന സ്ഥലമാണ് അതിൽ പ്രധാനം. ശരിക്കും അത്ഭുതപ്പെട്ടു പോകും അവിടെയെത്തിയാൽ. സ്വിറ്റ്സർലണ്ടുകാരനായ അനാബാപ്ടിസ്റ്റ് യാക്കോബ് അമ്മാൻ സ്ഥാപിച്ച ആമിഷ് സമൂഹം പ്രധാനമായും പുരാതനവും, തികച്ചും പ്രകൃത്യനുസരണമായ ലളിതമായ ജീവിത രീതികൾ പിന്തുടരുന്ന ഒരു ക്രിസ്ത്യൻ ജനവിഭാഗമാണ്. മതപരമായ പീഡനത്തിൽ നിന്നും രക്ഷപ്പെടാൻ വേണ്ടിയും, സഹിഷ്ണുതയുള്ള ചുറ്റുപാടുകൾ തേടിയുമുള്ള അവരുടെ യാത്ര അവരെ കൊണ്ടെത്തിച്ചത് അമേരിക്കയിലെ പെൻസിൽവാനിയ സംസ്ഥാനത്തുള്ള ലാങ്കേസ്റ്റർ എന്ന പ്രദേശത്താണ്. സമാധാനപൂർണമായ ജീവിതം മാത്രമാണ് അവരുടെ ആഗ്രഹം. അതിനു വേണ്ടി എന്ത് ത്യാഗം സഹിക്കാനും അവർ തയാറാണ്.

ഫോട്ടോഎടുക്കരുത്

ആമിഷ് സമൂഹത്തിലുള്ള ആരും ഒരിക്കലും ഫോട്ടോകൾക്ക് വേണ്ടി പോസ് ചെയ്യാറില്ല. എന്നാൽ, അവർ അവരുടെ ജോലിയിൽ മുഴുകിയിരിക്കുമ്പോൾ അവർ അറിയാതെ ഫോട്ടോ എടുക്കുന്നതിനെ അവർ എതിർക്കാറുമില്ല. അവരുടെ വിശ്വാസമനുസരിച്ച് മുഖത്തിന്റെ ഫോട്ടോ എടുക്കുന്നതും അതിന് പോസ് ചെയ്യുന്നതും പത്തു കല്പനകളുടെ ലംഘനമാണ്. ‍‍‍‍

ആഭരണങ്ങളും അലങ്കാരങ്ങളുമില്ല

മതപരമായ വിശ്വാസങ്ങൾ മൂലം അവർ ഒരിക്കലും തങ്ങളുടെ സമൂഹത്തിന് പുറത്തു നിന്നും ആരെയും വിവാഹം കഴിക്കാറില്ല. വിവാഹത്തിന് യാതൊരുവിധ ആഭരണങ്ങളും ഉപയോഗിക്കാറില്ല. അലങ്കാരത്തിനായി പൂക്കളും ഉപയോഗിക്കില്ല. വസ്ത്രങ്ങൾ കഴിയുന്നതും സ്വന്തമായിതന്നെ തുന്നിയെടുക്കും. ഒറ്റ നിറത്തിലുള്ള നീളൻ വസ്ത്രമാണ് ഇവർ ധരിക്കുന്നത്. യാതൊരുവിധ അലങ്കാരങ്ങളും അതിലുണ്ടാവില്ല. ഒരു അലങ്കാര ബട്ടൺ പോലും. ‍‍‍‍ ‍വിവാഹ വസ്ത്രവും ഇതേരീതിയിൽതന്നെയായിരിക്കും. പൊതുവെ നീല അല്ലെങ്കിൽ പർപ്പിൾ കളറായിരിക്കും അതിലേറെയും. വിവാഹ മോതിരം പോലും ഒഴിവാക്കും. അതിനാൽ വിവാഹിതരായ സ്ത്രീകൾ അത് സൂചിപ്പിക്കാൻ ഒരു കറുത്ത തൊപ്പി ധരിക്കും, മറ്റുള്ളവർ വെള്ളയും.

മീശ വളർത്താനാവില്ല

സ്ത്രീകളെപ്പോലെ പുരുഷന്മാരും ലളിതമായ വസ്ത്രമാണ് ധരിക്കുക. വിവാഹിതരായ പുരുഷന്മാർ വിവാഹ മോതിരത്തിനു പകരം വിവാഹത്തിന് ശേഷമാണ് താടി വളർത്താൻ തുടങ്ങുക. വിവാഹിതരല്ലാത്ത പുരുഷന്മാർക്ക് 40 വയസിന് ശേഷം മാത്രമേ താടി വളർത്താൻ അനുവാദമുള്ളൂ. ‍‍‍‍പുരുഷന്മാർക്ക് മീശ വളർത്താൻ അനുവാദമില്ല എന്നതാണ് മറ്റൊരു പ്രത്യേകത. ‍‍‍

കാൽനട ശരണം

ഇവരിൽ പലരും ഒരു മൊബൈൽ ഫോൺ പോലും കൈകൊണ്ട് തൊട്ടിട്ടില്ലാത്തവരാണ്, ചിലർ കണ്ടിട്ട് പോലുമില്ല. യാതൊരുവിധ ആധുനിക ഉപകരണങ്ങളും ഇവർ ഉപയോഗിക്കാറില്ല. കട്ടിലും മേശയും കസേരയും എല്ലാം പൂർണമായും തടി കൊണ്ട് മാത്രമാണ് നിർമ്മിക്കുന്നത്. അതും ആണിയോ, പശയോ ഒന്നും ഉപയോഗിക്കാതെ. ‍‍‍‍ ‍‍ യാതൊരു വിധത്തിലുമുള്ള ആധുനിക ഗതാഗത സംവിധാനങ്ങളും ഉപയോഗിക്കാത്ത ഇവരുടെ പ്രധാന ഗതാഗത ഉപാധി കുതിരവണ്ടിയാണ്. അല്ലെങ്കിൽ കാൽനടയാത്ര. അല്ലാതെ ഇവർ ഒരിക്കലും കാറോ സ്കൂട്ടറോ ബൈക്കോ സൈക്കിളോ വാങ്ങിക്കാറില്ല.