തിരുവനന്തപുരം: ഇന്ന് അത്തം പിറന്നതോടെ ഇനി പത്താം നാൾ ഓണത്തിനായുള്ള കാത്തിരിപ്പാണ് മലയാളിക്ക്. ഓണക്കാലത്ത് നഗരവാസികൾ ഏറ്റവും കൂടുതലായി ആശ്രയിക്കുന്ന ചാലയിലെ പ്രധാന വ്യാപാരകേന്ദ്രമായ ചാലയും ഉണർന്നു. കൊവിഡിന്റെ ഭീതി മുറ്റിനിൽക്കുന്ന നഗരം ആശങ്കയുടെ കരിനിഴലിൽ ആണെങ്കിലും സാധനങ്ങൾ വാങ്ങാനെത്തുന്നവരെക്കൊണ്ട് ചാല സജീവമായിക്കഴിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലൊക്കെ ചാലക്കമ്പോളം തിരക്കിലമർന്നിരുന്നു. വരും ദിവസങ്ങളിലും തിരക്ക് കൂടുമെന്ന് ഉറപ്പാണ്.
നിയന്ത്രണങ്ങൾ മറക്കുന്നു
കൊവിഡ് കാലത്ത് ഇതിനുമുമ്പ് വിഷു ആഘോഷത്തിന് തലേന്നാണ് നഗരത്തിൽ കൂടുതൽ തിരക്ക് അനുഭവപ്പെട്ടത്. മുന്നറിയിപ്പുകളും ജാഗ്രതയും മറന്ന് ആളുകൾ കൂട്ടത്തോടെ ഇറങ്ങിയപ്പോൾ മുഖ്യമന്ത്രിക്ക് ജനങ്ങളെ താക്കീത് ചെയ്യേണ്ടിയും വന്നു. ഇപ്പോഴും സമാനമായ അവസ്ഥയാണ്. എന്നാൽ, ഓണക്കാലമല്ലേ, ആവശ്യങ്ങൾക്ക് ഇറങ്ങാതിരിക്കാനാകുമോ എന്നാണ് ജനം ചോദിക്കുന്നത്.
വഴിയോരക്കച്ചവടവും സജീവം
കഴിഞ്ഞയാഴ്ച വരെ നഗരത്തിൽ കാണാതിരുന്ന വഴിയോരക്കച്ചവടക്കാർ ഇപ്പോൾ സാധനങ്ങളുമായി എത്തിത്തുടങ്ങിയിട്ടുണ്ട്. ചാലയെ കൂടാതെ കിഴക്കേക്കോട്ട, പഴവങ്ങാടി, പുത്തരിക്കണ്ടം മൈതാനം എന്നിവിടങ്ങളിലാണ് വഴിയോര കച്ചവടം സജീവമായത്. വരും ദിവസങ്ങളിൽ കൂടുതൽ പേർ സാധനങ്ങൾ വാങ്ങാനായി എത്തുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ.
പൂക്കച്ചവടവും തകൃതി
പൊതുനിരത്തുകളിലെ ഓണാഘോഷത്തിന് വിലക്കുകളുണ്ടെങ്കിലും ചാലയിലെ പൂവിപണി ചലിക്കുന്നുണ്ട്. മുൻകാലങ്ങളിലെ പോലെ അത്രയധികം പൂക്കൾ വിറ്റുപോകുന്നില്ലെന്നേയുള്ളൂ. എന്നാൽ, കൊവിഡിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ നിന്നുള്ള പൂ കൊണ്ടുള്ള ഓണാഘോഷം കഴിയുന്നതും ഒഴിവാക്കണമെന്നും ചുറ്റുവട്ടത്തുള്ള പൂക്കൾ ശേഖരിച്ച് പൂക്കളം ഒരുക്കണമെന്ന അഭിപ്രായം ഉയർന്നതോടെ പൂ വിപണിയിൽ അത് എത്രത്തോളം പ്രതിഫലിക്കുമെന്ന് കണ്ടറിയണം. തോവാളയിൽ നിന്നാണ് പ്രധാനമായും ചാലയിലേക്ക് പൂ എത്തുന്നത്. അതുകൊണ്ടുതന്നെ വ്യാപാരികൾ പൂക്കൾ വാങ്ങുന്നതിൽ കുറവ് വരുത്തിയിട്ടുണ്ടെന്ന് പൂ വ്യാപാരിയായ ഉണ്ണി പറഞ്ഞു. പച്ചക്കറിക്കും ഇറച്ചിക്കൊന്നുമില്ലാത്ത കൊവിഡ് പൂവിലൂടെ പകരുന്നത് എങ്ങനെയാണെന്ന ചോദ്യവും ഇവർ ഉന്നയിക്കുന്നുണ്ട്.
വിൽപന സമയം നീട്ടണം
നിലവിൽ രാവിലെ 7 മുതൽ വൈകിട്ട് 7 വരെയാണ് കടകൾ തുറക്കാൻ അനുവാദം. എന്നാൽ ഓണക്കാലത്ത് ഇത് അഭികാമ്യമല്ലെന്നും സമയം ദീർഘിപ്പിക്കണമെന്നും ആവശ്യപ്പെട്ട് വ്യാപാരികൾ സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ട്. എന്നാൽ, അധികൃതർ ഇതുവരെ ഇതിന് പച്ചക്കൊടി കാണിച്ചിട്ടില്ല. തിരക്ക് കണക്കിലെടുക്കാതെയാണ് അധികൃതരുടെ ഈ തീരുമാനമെന്നും വ്യാപാരികൾ കുറ്റപ്പെടുത്തുന്നു.
പൊലീസും സജ്ജം
നഗരം ഇപ്പോഴും കൊവിഡിന്റെ പിടിയിൽ ആയതിനാൽ നിയന്ത്രണങ്ങളുമായി പൊലീസ് രംഗത്തുണ്ട്. എല്ലായിടത്തും അവരുടെ നിരീക്ഷണ കണ്ണുണ്ട്. കൊവിഡ് മാനദണ്ഡ ലംഘനമുണ്ടായാൽ പൊലീസ് ഇടപെടും.
''
നിയന്ത്രണങ്ങളോട് എല്ലാവരും സഹകരിക്കണം. ജനങ്ങൾക്ക് വേണ്ടിയാണ് ഈ നിയന്ത്രണങ്ങളെല്ലാം. കടകളുടെ പ്രവർത്തനസമയം ദീർഘിപ്പിക്കുന്ന കാര്യം ഇപ്പോൾ ആലോചിച്ചിട്ടില്ല .
-കെ.ശ്രീകുമാർ, മേയർ
''പ്രോട്ടോക്കോൾ എല്ലാവരും പാലിച്ചേ മതിയാകൂ. നിലവിലെ സാഹചര്യം കണക്കിലെടുത്താൽ ജാഗ്രതയിൽ കുറവ് വരുത്താനാകില്ല. വരും ദിവസങ്ങളിലെ സ്ഥിതി കൂടി പരിഗണിച്ച് മറ്റ് കാര്യങ്ങൾ തീരുമാനിക്കും.
- നവജ്യോത് ഖോസ, ജില്ലാകളക്ടർ