taroor-pinarayi

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് അവകാശം അദാനി ഗ്രൂപ്പിന് കൈമാറിയ കേന്ദ്രസർക്കാർ ഉത്തരവിനെതിരെ ഭരണപക്ഷത്തു നിന്നും യു ഡി എഫിന്റെ ഭാഗത്തു നിന്നും കടുത്ത വിമർശനമാണ് ഉയരുന്നത്. എന്നാൽ തിരുവനന്തപുരം എയർപോർട്ടിനെ കുറിച്ച് ചിന്തിക്കുന്ന ഒരു ഓപ്പറേറ്ററെ നമുക്ക് ആവശ്യമുണ്ടെന്നും, വിമാനത്താവളം വികസിച്ചു കഴിഞ്ഞാൽ മാത്രമേ തിരുവനന്തപുരത്തിനും വികസനമുണ്ടാവുകയുള്ളൂവെന്നും പറയുകയാണ് ശശി തരൂർ എം പി. കൗമുദി ടിവിയുടെ സ്ട്രെയിറ്റ് ലൈൻ അഭിമുഖ പരിപാടിയിലാണ് തന്റെ നയം അദ്ദേഹം വ്യക്തമാക്കിയത്. അൽപം പഴയതാണ് അഭിമുഖമെങ്കിലും സോഷ്യൽ മീഡിയയിലടക്കം തരൂരിന്റെ വാക്കുകൾ ശ്രദ്ധേയമാവുകയാണ്.

'ആദ്യത്തെ ഒമ്പത് വർഷം നല്ല പുരോഗതിയുണ്ടായിരുന്നു. ഇതുവരെ ഇല്ലാതിരുന്ന പല ഫ്ളൈറ്റുകളും കൊണ്ടുവന്നത് ഞാനാണ്. പല കമ്പനികളുമായി സംസാരിക്കുമ്പോൾ, അവർ ചൂണ്ടിക്കാട്ടുന്നത് ഫ്ളൈറ്റ്സ് ഇല്ലാത്ത സ്ഥലത്ത് ഞങ്ങൾ എങ്ങിനെ വരും എന്നാണ്. ടെക് മഹീന്ദ്ര തിരുവനന്തപുരത്തേക്ക് വരാൻ 90 ശതമാനവും സമ്മതിച്ചിരുന്നതാണ്. പക്ഷേ വിമാനങ്ങളുടെ അഭാവമാണ് അവർ പിന്മാറാൻ കാരണം. ടെക് മഹീന്ദ്ര സി ഇ ഒ തന്നെയാണ് എന്നോട് ഇക്കാര്യം പറഞ്ഞത്. അതുകൊണ്ടുതന്നെ തിരുവനന്തപുരം എയർപോർട്ടിനെ കുറിച്ച് ചിന്തിക്കുന്ന ഒരു ഓപ്പറേറ്ററെ നമുക്ക് ആവശ്യമുണ്ട്. ആരും ആർക്കും എയർപോർട്ട് വിൽക്കുന്നില്ല. ഓപ്പറേറ്ററും ഡെവലപ്പറുമായിട്ടുള്ള കോൺട്രാക്‌ട് മാത്രമാണ്.

പ്രൈവറ്റ് ഓപ്പറേറ്റർ വന്നുകഴിഞ്ഞാൽ അവരോട് സഹകരിക്കില്ല എന്ന് പിണറായി വിജയൻ പറയുന്നത് ശരിയല്ല. ആരുവന്നാലും തിരുവനന്തപുരത്ത് വികസനം വേണം. ആദാനിയെ മാറ്റി രവി പിള്ളയെ കൊണ്ടുവന്നാലോ യൂസഫലിയെ കൊണ്ടുവന്നാലോ... ആരുവന്നാലും ഒരുപ്രശ്നവുമില്ല. ഒരാൾ ടെൻഡർ ജയിച്ചു വന്നുകഴിഞ്ഞാൽ തിരുവനന്തപുരത്തെ നന്നാക്കട്ടെ. എന്റെ അഭിപ്രായത്തിൽ തിരുവനന്തപുരം വിമാനത്താവളം അത്യാവശ്യമായി വികസിക്കണം'.