thrissur-murder

തൃശൂർ: എരുമപ്പെട്ടിയ്ക്ക് സമീപം കോടശേരിയിൽ ക്രിമിനൽ കേസ് പ്രതി സനീഷ് കൊല്ലപ്പെട്ട സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. ഇസ്‍മയിൽ, ഭാര്യ ഷമ്മി സഹോദരൻ അസീസ് എന്നിവരാണ് പിടിയിലായത്. സംഭവം നടന്ന് മണിക്കൂറുകൾക്കകമാണ് കൊലയാളി സംഘത്തെ പൊലീസ് പിടികൂടുന്നത്. ഇന്നലെ രാത്രി 11.30 ന് കോടശേരി മലയ്ക്കടുത്തായാണ് കൊലപാതകം നടന്നത്.

പത്രമംഗലം സ്വദേശി സനീഷും മറ്റൊരു ഗുണ്ടാസംഘവും തമ്മിലാണ് സംഘർഷമുണ്ടായത്. സംഘർഷത്തിനിടെ സനീഷിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. വെട്ടേറ്റ സനീഷ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മരിച്ചെന്ന് ഉറപ്പായപ്പോൾ കൊലയാളികൾ സ്ഥലം വിടുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്.

നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ഇസ്‌മയിലാണ് കൊലപാതകത്തിനു പിന്നിലെന്ന് പൊലീസിന് വിവരം ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അക്കിക്കാവിൽ വച്ചാണ് ഇസ്മയിലിനെയും ഭാര്യ ഷമ്മിയെയും സഹോദരൻ അസീസിനെയും പിടികൂടിയത്. ഇവർ ഇവിടെ ഒളിച്ച് താമസിക്കുകയായിരുന്നു . ഇരു സംഘങ്ങളും തമ്മിൽ ഏറെ നാളായി പ്രശ്നം നിലനിന്നിരുന്നു. ഇതാണ് സംഘർഷത്തിലേക്കെത്തിയത്.