bihar-election

ന്യൂഡൽഹി: കൊവിഡ് പ്രതിസന്ധി നിലനിൽക്കെ ബിഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടത്താനുള്ള നിർദേശങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയപാർട്ടികളുമായി ആലോചിക്കുന്നു. വളരെ വ്യത്യസ്തമായ നിർദേശങ്ങളാണ് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് രാഷ്ട്രീയപാ‌ർട്ടികളടക്കം മുന്നോട്ടുവച്ചിട്ടുള്ളത്. വോട്ടർമാർക്ക് ലെെഫ് ഇൻഷുറൻസ് പരിരക്ഷ ,കൊവിഡ് ടെസ്റ്റ് വരെ ഇതുസംബന്ധിച്ച വിവരങ്ങളിൽ ഉൾപ്പെടുന്നു.

തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതുസംബന്ധിച്ച മാർഗ നിർദേശങ്ങൾ പുറപ്പെടുവിക്കും. നിലവിൽ കൊവിഡ് ബാധിത പ്രദേശങ്ങളിൽ റാലികളുടെ എണ്ണം വെട്ടിച്ചുരുക്കി സോഷ്യൽ മീഡിയയിലൂടെയുള്ള പ്രചരണത്തിനാണ് ബി ജെ പി തയ്യാറെടുക്കുന്നത്. ജയിലിൽ കഴിയുന്നവരെ സോഷ്യൽ മീഡിയ പ്രചരണങ്ങളിൽ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് പാർട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് പ്രത്യേക ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

അതേസമയം റാഞ്ചി ജയിലിൽ കഴിയുന്ന ആർ ജെ ഡി നേതാവ് ലാലു പ്രസാദിനെ വെർച്വൽ ക്യാമ്പെയിൻ തടയാനും ബി ജെ പി ലക്ഷ്യമിടുന്നുണ്ട്. കാലിത്തീറ്റ അഴിമതിക്കേസിലാണ് ലാലുപ്രസാദ് യാദവ് ജയിലിലായത്. ബിഹാറിലെ ഒരു വിഭാഗം ജനങ്ങൾ ആർ ജെ ഡി വോട്ടർമാരാണ്. അതുകൊണ്ടുതന്നെയാണ് പ്രചരണം തടയാൻ ബി ജെ പി ലക്ഷ്യമിടുന്നതും.

2015ൽ ലാലു പ്രസാദിന് ജാമ്യം ലഭിച്ച ശേഷം പ്രചരണങ്ങളിൽ മാറ്റമുണ്ടായിരുന്നു. എന്നാൽ പിന്നീട് വീണ്ടും ജയിലിൽ കഴിയേണ്ടി വന്നു. പട്ന ഹെെക്കോടതിയാണ് അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നത്. ലാലു പ്രസാദിന്റെ തിരഞ്ഞെടുപ്പ് റാലികളിൽ ആർ ജെ ഡിക്ക് ബിഹാറിൽ വൻ സ്വാധീനമുണ്ട്. പോളിംഗും കൂടി. ആ ർ ജെ ഡി -കോൺഗ്രസ് സഖ്യത്തെ അധികാരത്തിലേക്ക് നയിച്ചതിനു പ്രധാന കാരണവും അതുതന്നെ. ബീഹാറിലെ ലാലു പ്രതിഭാസം ബി ജെ പിക്ക് തടയിടുന്നുണ്ട്. ഇതു കണക്കിലെടുത്താണ് ബി ജെ പിയുടെ നീക്കം.

ബി ജെ പി മറ്റൊരു നിർദേശം കൂടി തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ വച്ചിട്ടുണ്ട്. കൊവിഡ് കണക്കിലെടുത്ത് അത്യാവശ്യ വസ്തുക്കൾ വോട്ടർമാർക്ക് വിതരണം ചെയ്യാൻ രാഷ്ട്രീയപാർട്ടികളെ അനുവദിക്കണമെന്നും പറയുന്നു. ബിഹാർ തിരഞ്ഞെടുപ്പ് ബാലറ്റ് പേപ്പർ മുഖേനെ നടക്കണമെന്നാണ് കോൺഗ്രസും, ആ ർ ജെ ഡിയടക്കം വ്യക്തമാക്കുന്നു. ഇ വി എം ഉപയോഗിക്കുമ്പോൾ വെെറസ് പടരാൻ സാദ്ധ്യത വന്നേക്കാമെന്ന് ഈ പാർട്ടികൾ വാദിക്കുന്നു.

ഇ വി എം ബട്ടൺ സ്പർശിക്കുന്നതിലൂടെ രോഗം പകരാം. ബാലറ്റ് പേപ്പറുകൾ വഴിയാണെങ്കിൽ അത് തടയും. എന്നാൽ വെർച്വൽ പ്രചരണത്തിൽ കോൺഗ്രസിന് വലിയ തോതിലുള്ള മതിപ്പ് ഇല്ല. പകരം പൊതു മീറ്റിംഗുകൾ നടത്തുന്നതിനായി അധിക സുരക്ഷ ആവശ്യപ്പെടുന്നു. അതേസമയം കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് പൊതുജനങ്ങൾക്കായി നേതാക്കൾ യോഗങ്ങൾ സംഘടിപ്പിക്കരുതെന്നും കോൺഗ്രസ് നിർദേശിക്കുന്നു.

തിരഞ്ഞെടുപ്പ് സമയത്ത് ഏതെങ്കിലും വോട്ടർമാർക്ക് കൊവിഡ് ബാധിച്ചാൽ അവർക്ക് ലെെഫ് ഇൻഷുറൻസ് പരിരക്ഷ നൽകണമെന്നും ആ ർ ജെ ഡി നിർദേശം മുന്നോട്ടുവയ്ക്കുന്നു. പകർച്ചവ്യാധി സമയത്ത് തിരഞ്ഞെടുപ്പ് നടത്തുന്നതിനെയും ആർ ജെ ഡി എതിർത്തു. സ്ഥിതി ഭേദപ്പെട്ടതിന് ശേഷം തിരഞ്ഞെടുപ്പ് നടത്തിയാൽ മതിയെന്നാവശ്യപ്പെട്ട് ആർ ജെ ഡി തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയിട്ടുണ്ട്.