ന്യൂഡൽഹി: സ്വർണക്കടത്ത് കേസിൽ യു.എ.ഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരിൽ നിന്ന് വിവരം തേടാൻ എൻ.ഐ.എയുടെ ശ്രമം. യു.എ.ഇയിലുള്ള എൻ.ഐ.എ സംഘം ഇതിനുള്ള അനുമതിക്കായി കാത്തുനിൽക്കുന്നതായാണ് സൂചന. യു.എ.ഇ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ നേരത്തെ വിദേശകാര്യമന്ത്രാലയം കത്ത് നൽകിയിരുന്നു. ആദ്യ കത്തിന് മറുപടി കിട്ടാത്ത സാഹചര്യത്തിൽ വീണ്ടുമൊരു കത്ത് കൂടി കേന്ദ്രം നൽകി. ഇക്കാര്യത്തിൽ ഔദ്യോഗികമായ അനുമതിക്ക് സാദ്ധ്യത മങ്ങുകയാണ്. ഈ സാഹചര്യത്തിൽ ഇപ്പോൾ യു.എ.ഇയിലുള്ള കോൺസുലേറ്റ് ഉദ്യോഗസ്ഥരുമായി സംസാരിച്ച് ചില മൊഴികളിൽ വ്യക്തത വരുത്താനെങ്കിലും അനുമതി കിട്ടാനാണ് നീക്കം.
യു.എ.ഇയുമായി നടക്കുന്ന ആശയവിനിമയത്തിൽ കൂടുതൽ വിവരങ്ങൾ പറയാനില്ലെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ നയം. ഭീകരവാദ ബന്ധം കണ്ടെത്താനാണ് എന്നതായിരുന്നു കേസ് എൻ.ഐ.എക്ക് വിട്ടപ്പോഴത്തെ കേന്ദ്രസർക്കാർ വാദം. എന്നാൽ ഭീകരവാദ ബന്ധത്തിൽ ഇതുവരെ കാര്യമായ തെളിവുകൾ കിട്ടിയിട്ടില്ല. ഫൈസൽ ഫരീദിന്റെ മൊഴി ഇതിലേക്ക് എത്താൻ സഹായിക്കും എന്നാണ് ഇപ്പോൾ സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
സ്വർണക്കടത്തിൽ നിന്ന് കേന്ദ്ര ശ്രദ്ധ റെഡ്ക്രസന്റ് ഉൾപ്പടെയുള്ള ഇടപാടുകളിലേക്ക് തിരിയുകയാണ്. ലൈഫ് പദ്ധതിയുടെ വിശദാംശങ്ങൾ സംസ്ഥാനസർക്കാരിൽ നിന്ന് വിദേശകാര്യമന്ത്രാലയം തേടിയിരുന്നു. ഇതിന് സംസ്ഥാനം നൽകിയ മറുപടി പരിശോധിച്ച് ചട്ടലംഘനമോ പ്രോട്ടോക്കോൾ ലംഘനമോ ഉണ്ടായോ എന്ന് കേന്ദ്രം വിലയിരുത്തും.