elamram-kareem-hardeep-sn

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറിയ വിഷയത്തിൽ കേന്ദ്ര വ്യോമയാന മന്ത്രിക്കെതിരെ എളമരം കരീം എം.പി രാജ്യസഭയിൽ അവകാശലംഘന നോട്ടീസ് നൽകി. സഭാ ചട്ടം 187 പ്രകാരം രാജ്യസഭാ സെക്രട്ടറി ജനറലിനാണ് നോട്ടീസ് നൽകിയത്. ബിഡിംഗ് പ്രക്രിയ സംബന്ധിച്ച പ്രശ്നങ്ങൾ കോടതിയുടെ പരിഗണനയിലായതിനാൽ ഈ വിഷയത്തിൽ കേന്ദ്രം അന്തിമ തീരുമാനം എടുത്തിട്ടില്ല എന്നാണ് തന്റെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര വ്യോമയാന മന്ത്രി രാജ്യസഭയിൽ രേഖാമൂലം പ്രസ്താവന നടത്തിയത്. എന്നാൽ വിമാനത്താവളവും അനുബന്ധമായുള്ള ഭൂമിയും 50 വർഷത്തേക്ക് അദാനി ഗ്രൂപ്പിന് വിട്ടുനൽകിക്കൊണ്ട് കേന്ദ്രസർക്കാർ തീരുമാനമെടുത്തിരിക്കുകയാണെന്ന് എളമരം കരീം ആരോപിച്ചു.

പാട്ടത്തിന് നൽകാനുള്ള അനുമതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കേരള ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും അതിനാൽ സർക്കാർ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നുമാണ് രാജ്യസഭയിൽ മാർച്ച് മാസം 11ന് നക്ഷത്രചിഹ്നമിടാത്ത ചോദ്യം നമ്പർ 1936ന് മറുപടിയായി വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി പ്രസ്താവിച്ചത്. ഇതുമായി ബന്ധപ്പെട്ട ഏത് നടപടിയും കേരള ഹൈക്കോടതിയുടെ തീരുമാനം വന്നതിന് ശേഷം മാത്രമേ ഉണ്ടാവുകയുള്ളു എന്ന് മന്ത്രിയും സർക്കാരും ഈ പ്രസ്താവനയിലൂടെ പാർലമെന്റിനെയും ജനങ്ങളെയും വിശ്വസിപ്പിച്ചു. ഇതിന് കടകവിരുദ്ധമായാണ് നിലവിലെ തീരുമാനം വന്നിരിക്കുന്നതെന്ന് എളമരം കരീം ചൂണ്ടിക്കാട്ടി.

പാർലമെന്റിനെയും അതുവഴി ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കാൻ മന്ത്രി മനഃപൂർവം തെറ്റായ വിവരങ്ങൾ നൽകുകയായിരുന്നു. ഈ മറുപടി ശരിയയിരുന്നു എന്ന് വാദിക്കുകയാണെങ്കിൽ, മന്ത്രിയും സർക്കാരും സഭയിൽ നൽകിയ രേഖാമൂലമുള്ള പ്രസ്താവന ലംഘിച്ചു എന്നാവും. രണ്ടായാലും സഭാ ചട്ടങ്ങളുടെയും നടപടിക്രമങ്ങളുടെയും നഗ്നമായ ലംഘനമാണ് വ്യോമയാന മന്ത്രി നടത്തിയത്. സഭാചട്ടങ്ങൾ അനുസരിച്ച് ഹർദീപ് സിംഗ് പുരി നടത്തിയത്. അവകാശലംഘനവും സർക്കാർ തീരുമാനം പാർലമെന്റിനെ അവഹേളിക്കുന്ന തരത്തിലുള്ളതുമാണ്. അതിനാൽ രാജ്യസഭാ നടപടിക്രമങ്ങളിലെ 187 മുതൽ 203 വരെയുള്ള ചട്ടങ്ങൾ അനുസരിച്ച് ഇതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് നോട്ടീസിൽ ആവശ്യപ്പെട്ടു.