പാരീസ് : കൊവിഡ് 19ന് കാരണക്കാരായ കൊറോണ വൈറസിന് അങ്ങനെ വലിപ്പ ചെറുപ്പമൊന്നുമില്ല. കണ്ണിൽകാണുന്ന ആരെയും കൊവിഡ് കീഴ്പ്പെടുത്താം. യു.കെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ, ബ്രസീൽ പ്രസിഡന്റ് ജെയ്ർ ബൊൽസൊനാരോ തുടങ്ങിയ ലോകനേതാക്കളെ വരെ കൊവിഡ് വീഴ്ത്തുന്നത് നാം കണ്ടതാണല്ലോ. അതുകൊണ്ട് ലോകനേതാക്കളെല്ലാം തന്നെ സാമൂഹ്യ അകലം ഉൾപ്പെടെയുള്ള മുൻകരുതലുകൾ പാലിക്കാൻ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. കൊവിഡിനൊക്കെ മുമ്പ് ലോകനേതാക്കൾ കണ്ടുമുട്ടുമ്പോൾ, പ്രത്യേകിച്ച് പാശ്ചാത്യ ലോകത്ത് ആദ്യം ഷേക്ക്ഹാൻഡ് നൽകുന്നത് പതിവായിരുന്നു. എന്നാൽ കൊവിഡിന്റെ വരവോടെ ഷേക്ക്ഹാൻഡ് ഔട്ട് ആയിരിക്കുകയാണ്. പകരം നമ്മുടെ 'നമസ്തേ' ആണ് ട്രെൻഡ്. കൈകൂപ്പി വണങ്ങുന്ന നമസ്തേ രീതിയാണ് ഇപ്പോൾ ഷേക്ക്ഹാൻഡിന് പകരം എല്ലാവരും പിന്തുടരുന്നത്.
ഇപ്പോഴിതാ ഒരു ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് എത്തിയ ജർമൻ ചാൻസലർ ആംഗല മോർക്കലിനെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ കൂപ്പുകൈകളോടെ നമസ്തേ പറഞ്ഞ് സ്വീകരിക്കുന്ന ചിത്രങ്ങൾ വൈറലാവുകയാണ്. മാക്രോൺ തന്നെ ഇതിന്റെ ദൃശ്യങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നു. മാക്രോണിന്റെ പത്നി ബ്രിജിറ്റും മെർക്കലിനെ നമസ്തേ ചെയ്താണ് വരവേൽക്കുന്നത്. മെർക്കൽ തിരിച്ചും ഇരുവരെയും നമസ്തേയിലൂടെ തന്നെ അഭിവാദ്യം ചെയ്യുന്നുമുണ്ട്.
Willkommen im Fort de Brégançon, liebe Angela! pic.twitter.com/lv8yKm6wWV
— Emmanuel Macron (@EmmanuelMacron) August 20, 2020
മാർച്ചിൽ സ്പാനിഷ് രാജാവിനെയും രാജ്ഞിയേയും മാക്രോൺ നമസ്തേയിലൂടെ അഭിവാദ്യം ചെയ്തിരുന്നു. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ബ്രിട്ടനിലെ ചാൾസ് രാജകുമാരൻ തുടങ്ങിയവരും പൊതുവേദികളിൽ നമസ്തേ പരീക്ഷിച്ചത് ചർച്ചയായിരുന്നു.
കൊവിഡിന്റെ വരവോടെ ഇന്ത്യയുടെ അഭിവാദന രീതിയായ നമസ്തേ, പാശ്ചാത്യ നേതാക്കൾ ഏറ്റെടുത്തത് സാമൂഹ്യ മാദ്ധ്യമങ്ങളിൽ ആഘോഷമാക്കിയിരിക്കുകയാണ്. കൊവിഡ് പശ്ചാത്തലത്തിൽ ഇന്ത്യൻ അഭിവാദന രീതിയായ നമസ്തേ എല്ലാവരും പിന്തുടരണമെന്ന് ഇസ്രയേൽ ജനതയോട് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞതും ഏറെ ശ്രദ്ധേയമായിരുന്നു.