തിരുവനന്തപുരം: രാജ്യത്തെ കൊവിഡ് ആരംഭദിശയിൽ രോഗത്തെ ഫലപ്രദമായി പിടിച്ചുകെട്ടിയ ആരോഗ്യസംവിധാനം കൊണ്ട് ഇന്ത്യയിൽ മാത്രമല്ല ലോക മാദ്ധ്യമങ്ങളിൽ വരെയും ശ്രദ്ധനേടിയ നാടാണ് കേരളം. മാർച്ച് മാസത്തിൽ ലോക്ഡൗണും തുടർന്ന് നിയന്ത്രണങ്ങളും കർശനമായി ജനങ്ങൾ പാലിച്ചു.എന്നാൽ അതിനുശേഷം ആ ജാഗ്രത കൈമോശം വന്നതായി വേണം കരുതാൻ. മേയ് 4ന് സംസ്ഥാനത്ത് ആകെയുണ്ടായിരുന്നത് 499 കൊവിഡ് രോഗികളാണ്. ഓഗസ്‌റ്റ് 20 ആകുമ്പോഴേക്കും 52,199 ആണ് ആകെ പോസിറ്റീവ് കേസുകൾ. 192 പേർ രോഗം ബാധിച്ച് മരണമടഞ്ഞു.
ഇത്തരം വലിയൊരു വർദ്ധനയ്‌ക്ക് കാരണം ആരോഗ്യ വകുപ്പ് മതിയായ ഗൗരവത്തിൽ സാഹചര്യം കൈകാര്യം ചെയ്യാത്തത് തന്നെയാണ്. സംസ്ഥാനത്ത് വലിയ രോഗബാധ പ്രതീക്ഷിക്കുന്നില്ലെന്ന് ആരോഗ്യ വകുപ്പ് ജൂൺ മാസത്തിൽ തുടർച്ചയായി അറിയിച്ചിരുന്നു. ഈ സമയം ലോകമാകെ കേരള ആരോഗ്യ പ്രവർത്തന മാതൃകയെ കുറിച്ച് ചർച്ചകൾ നടന്നു. അതിനുശേഷമാണ് പൂന്തുറയിൽ രോഗം സൂപ്പർ സ്‌പ്രെഡായി നിരവധി രോഗികളുണ്ടായതും തുടർന്ന് സംസ്ഥാനത്ത് തിരുവനന്തപുരം കൊവിഡ് ലാർജ് കമ്മ്യൂണിറ്റി ക്ളസ്‌റ്ററുളള ജില്ലയായി മാറിയതും. ജൂലായ് -ആഗസ്‌റ്റ് മാസങ്ങളിൽ 1500ഓളം കേസുകളാണ് ഇവിടെ സ്ഥിരീകരിച്ചത്. നിലവിൽ 90 ശതമാനം രോഗബാധയും സമൂഹവ്യാപനത്തിലൂടെയാണ് സംഭവിക്കുന്നത്.
സംസ്ഥാനത്തെ ജനപ്പെരുപ്പം ഇതിനൊരു പ്രധാന കാരണമാണെന്ന് അഭിപ്രായപ്പെടുകയാണ് ഐ.എം.എ സംസ്ഥാന വൈസ് പ്രസിഡന്റായ ഡോ.സുൽഫി. ആദ്യ സമയങ്ങളിൽ മത്സ്യ ബന്ധനത്തിന് അടുത്തുളള സംസ്ഥാനങ്ങളിൽ പോകുന്നവരും ലോറി ഡ്രൈവർമാരുമായിരുന്നു രോഗ വ്യാപനത്തിന് കാരണം. അതിർത്തികൾ തുറന്നതോടെ റെഡ് സോണുകളിൽ നിന്നുളളവർ വന്നുതുടങ്ങിയതോടെ സമൂഹവ്യാപനം വ്യാപകമായെന്നും ഡോ.സുൽഫി പറയുന്നു.
കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും ഇന്ത്യയിൽ ഏറ്റവും കുറവ് മരണനിരക്ക് കേരളത്തിലാണ് 0.3%. ഐസിയുവിൽ ചികിത്സയിലുളളത് 157ഉം വെന്റിലേറ്ററിൽ 37 പേരുമാണ്. ഇതും ആകെ രോഗികളുടെ 1% മാത്രമാണ്. അടുത്ത മാസത്തോടെ പ്രതിദിനം 5000 കേസുകൾ ഉണ്ടാകാമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ശരിയായ പ്രതിരോധ മാർഗങ്ങളായ മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, ഇടക്കിടെ കൈകൾ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് വൃത്തിയാക്കുക ഇവ ശീലിക്കുക മാത്രമാണ് നിലവിൽ രോഗത്തിൽ നിന്ന് രക്ഷ നേടാനുളള ഏക പോംവഴി.