us-china-conflict

വാഷിംഗ്ടൺ: ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗ് എന്ന് എഴുതുന്നത് നിറുത്താൻ ഒരുങ്ങുകയാണ് അമേരിക്ക. ചൈനയുമായുള്ള നയതന്ത്ര ബന്ധം വഷളായതിനെ തുടർന്നാണത്രേ രാജ്യം അത്തരമൊരു കടുത്ത തീരുമാനം എടുക്കുന്നത്. ഇതിനു പിന്നിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പിടിവാശിയാണെന്നും പറയപ്പെടുന്നു. അപ്പോൾ ഷീ ജിൻ പിംഗിനെ ഇനി എങ്ങനെ അഭിസംബോധന ചെയ്യുമെന്ന ചോദ്യത്തിനും യു.എസ് മറുപടി നൽകുന്നു- റിപ്പബ്ളിക്കൻ ചൈനയുടെ രാഷ്ട്രത്തലവൻ. അങ്ങനെ മാത്രം ഇനി ഔദ്യോഗിക രേഖകളിൽ മതിയെന്നും യു.എസ് തീരുമാനിച്ചിട്ടുണ്ട്.

അമേരിക്കൻ നയതന്ത്ര വിഷയത്തിൽ ഉൾപ്പെടുന്ന എനിമി ആക്ടിൽ (ശത്രു നിയമം) പെടുത്തിയാണ് പുതിയ പരിഷ്കരണം. അത്തരമൊരു നിയമമുണ്ടായിട്ടും അമേരിക്ക അത് ഉപയോഗിക്കുന്നത് ഇതാദ്യമായാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ഇതോടെ ചൈനീസ് പ്രസിഡന്റ് എന്ന് യു.എസ് അഭിസംബോധന ചെയ്ത അവസാനത്തെ ആളും റിപ്പബ്ലിക്കൻ ചൈനയുടെ രാഷ്ട്രത്തലവൻ എന്ന് വിളിപ്പേര് കിട്ടുന്ന ആദ്യ നേതാവുമെന്ന ബഹുമതി ഷീയ്ക്ക് സ്വന്തമാകും. അമേരിക്കയുടെ പുതിയ നീക്കം സം ബന്ധിച്ച് ചൈനയുടെ ഭാഗത്തു നിന്ന് വിശദീകരണം പുറത്തുവന്നിട്ടില്ല. ഹോങ്കോങ്ങിന്റെ സ്വയംഭരണാവകാശം എടുത്തു കളയുന്നതുമായി ബന്ധപ്പെട്ടാണ് ചൈനയും അമേരിക്കയും തമ്മിലുള്ള ബന്ധം ആടിയുലഞ്ഞത്. പിന്നീട് രണ്ടു രാജ്യങ്ങളും പ്രത്യക്ഷമായി ശത്രുതാ നടപടികൾ ആരംഭിച്ചു. ഇരുര രാജ്യത്തെയും കോൺസുലേറ്റുകൾ പൂട്ടേണ്ട അവസ്ഥ വരെയുണ്ടായി.

 എനിമി ആക്ട്

1917ഒക്ടോബർ ആറിന് യു.കെയിലും യു.എസിലുമായി പ്രാബല്യത്തിൽ വന്ന നിയമം. പിന്നീട് പല രാജ്യങ്ങളും ഈ നിയമം ഏറ്റെടുത്തെങ്കിലും പ്രാബല്യത്തിൽ വരുത്തിയത് അറബ് രാഷ്ട്രങ്ങൾ മാത്രമാണ്.2013 വരെ പല അറബ് രാഷ്ട്രങ്ങളും ഇസ്രായേലിനെ എനിമി എന്നാണ് സംബോധന ചെയ്തിരുന്നത്. പിന്നീട് ഈജിപ്തും ജോർദ്ദാനും ഇസ്രായേലുമായി ഉണ്ടാക്കിയ സമാധാന കരാറിന്റെ ഭാഗമായി ആ പദം എടുത്തു കളയുകയായിരുന്നു. പിന്നീട് ഇപ്പോഴാണ് വീണ്ടുമൊരു എനിമി ആക്ട് ഉയർന്നുവരുന്നത്.