തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക് നൽകാനുള്ള തീരുമാനത്തിൽ സർക്കാർ വീണ്ടും നിയമ നടപടിക്ക് ഒരുങ്ങുന്നു. നിലവിലെ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. സ്വകാര്യവൽക്കരണത്തിനെതിരെ സർക്കാർ നേരത്തെ നൽകിയ അപ്പീലിൽ പുതിയ ഉപഹർജിയാണ് സമർപ്പിച്ചിരിക്കുന്നത്. എ.ജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിയെ ഏൽപിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചെങ്കിലും തുടർപോരാട്ടത്തിൽ അദാനിക്കും സർക്കാരിനും മുന്നിലുളള വഴികൾ എളുമപ്പമാകില്ലെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. വിമാനത്താവള നടത്തിപ്പിനും തുടർ വികസനത്തിനും സർക്കാരിന്റെ പിന്തുണകത്ത് അഥവാ സ്റ്റേറ്റ് സപ്പോർട്ട് എഗ്രിമെന്റ് അനിവാര്യമാണ്. സ്വകാര്യവത്ക്കരണത്തെ ശക്തമായി എതിർക്കുന്ന സംസ്ഥാന സർക്കാർ പിന്തുണകത്ത് എന്ന ആയുദ്ധമാണ് അദാനിക്കെതിരെ പുറത്തെടുക്കാൻ ഉദേശിക്കുന്നത്.
സർക്കാർ നിയമപോരാട്ടം തുടർന്നാലും ടെൻഡർ റദ്ദാക്കാൻ സാദ്ധ്യതയില്ലെന്നാണ് നിയമവിദഗ്‌ദ്ധർ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട കേസിൽ നേരത്തെ സർക്കാരിന് എതിരായിരുന്നു ഹൈക്കോടതി വിധി. ടെൻഡർ പ്രകാരമുളള നടപടികൾ മുന്നോട്ടു കൊണ്ടുപോകുന്നത് സുപ്രീംകോടതി സ്റ്റേ ചെയ്യാതിരുന്നതിനാൽ നടത്തിപ്പ് ഏറ്റെടുക്കുന്നതിന് നിയമ പ്രശ്‌നങ്ങളുണ്ടാകില്ലെന്നാണ് വിലയിരുത്തൽ.