ന്യൂഡൽഹി : ധോണിക്ക് പിന്നാലെ സ്വാതന്ത്ര്യദിനത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച മധ്യനിര ബാറ്റ്സ്മാൻ സുരേഷ് റെയ്നയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി കത്തയച്ചു.33കാരനായ റെയ്നയുടെ വിരമിക്കൽ പ്രഖ്യാപനം നേരത്തെയായിപ്പോയി എന്നാണ് കത്തിൽ പ്രധാനമന്ത്രി അറിയിച്ചിരിക്കുന്നത്. ‘വിരമിക്കൽ’ എന്ന പ്രയോഗം റെയ്നയുടെ പേരിനൊപ്പം ചേർക്കാൻ താൻ ഇഷ്ടപ്പെടുന്നില്ലെന്നും വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ കത്തിൽ നിന്ന്
താങ്കളുടെ പേരിനൊപ്പം ‘വിരമിക്കൽ’ എന്ന പ്രയോഗം ചേർക്കാൻ എനിക്ക് താൽപര്യമില്ല. കാരണം താങ്കൾ ഇപ്പോഴും ചെറുപ്പവും വളരെ ഊർജസ്വലനുമാണ് . ബാറ്റ്സ്മാനെന്ന നിലയിൽ മാത്രമല്ല വരും തലമുറകൾ താങ്കളെ ഓർമിക്കുക. ക്യാപ്റ്റന് അത്യാവശ്യ സാഹചര്യങ്ങളിൽ വിശ്വാസമർപ്പിക്കാവുന്ന ബൗളർ എന്ന നിലയിൽ കൂടിയാണ്. ജാഗ്രതയാർന്ന ഫീൽഡിംഗ് മികവിലൂടെ രക്ഷിച്ചെടുത്ത റൺസുകൾ എണ്ണിയെടുക്കാൻ ദിവസങ്ങൾ വേണ്ടിവരും. 2011 ലോകകപ്പിൽ അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തിൽ ആസ്ട്രേലിയയ്‌ക്കെതിരായ ക്വാർട്ടർ പോരാട്ടത്തിൽ താങ്കളുടെ പോരാട്ടം തൽസമയം കാണാൻ എനിക്ക് സാധിച്ചിരുന്നു. നമ്മുടെ ടീമിന്റെ വിജയത്തിൽ താങ്കളുടെ ഇന്നിംഗ്സിന് (പുറത്താകാതെ 34 റൺസ്) നിർണായക പങ്കുണ്ടായിരുന്നു.
ഇന്നലെയാണ് തനിക്കു ലഭിച്ച പ്രധാനമന്ത്രിയുടെ കത്ത് നന്ദി സഹിതം റെയ്ന ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം ധോണിയും മോദിയുടെ കത്ത് ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു.
ദേശീയ ടീം ജഴ്സിയണിഞ്ഞ് ചോരവിയർപ്പാക്കി കളിക്കുമ്പോൾ രാജ്യം നൽകുന്ന സ്നേഹത്തേക്കാൾ വലിയ അംഗീകാരം കിട്ടാനില്ല. അപ്പോൾ രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെ അഭിനന്ദിക്കുമ്പോഴോ? പ്രിയ നരേന്ദ്ര മോദി ജി, താങ്കളുടെ നല്ല വാക്കുകൾക്കും ആശംസകൾക്കും നന്ദി. ജയ് ഹിന്ദ്’ – എന്നാണ് റെയ്ന കത്തിനൊപ്പം ട്വീറ്റ് ചെയ്തത്.
ഐ.പി.എല്ലിനായി ധോണിയും റെയ്നയും മറ്റ് ചെന്നൈ സൂപ്പർ കിംഗ്സ് താരങ്ങളും ഇന്നലെ യുഎഇയിലേക്ക് പുറപ്പെട്ടു. സെപ്റ്റംബർ 19 മുതൽ നവംബർ 10 വരെയാണ് ടൂർണമെന്റ് നടക്കുക.