ശ്രീശൈലം:തെലങ്കാനയിലെ ശ്രീശൈലം ഭൂഗർഭ ജലവൈദ്യുതി നിലയത്തിന്റെ ഇടതുകര പ്ലാന്റിൽ വ്യാഴാഴ്‌ച രാത്രിയുണ്ടായ വൻ തീപിടിത്തത്തിൽ കുടുങ്ങിയ രണ്ട് വനിതാ എൻജിനീയർമാർ ഉൾപ്പെടെ ഒൻപത് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി.
വനിതാ എൻജിനിയർമാരായ ഫാത്തിമ, സുഷമ എന്നിവർക്കൊപ്പം സുന്ദർ നായിക്, മോഹൻ കുമാർ, ഉൾപ്പെടെ ഒൻപതു പേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ആദ്യം ആറുപേരുടെ മൃതദേഹങ്ങളാണ് കിട്ടിയത്. തെരച്ചിൽ തുടരുന്നതിനിടെയാണ് കുടുങ്ങിക്കിടന്ന മറ്റു മൂന്നു പേരുടെയും മൃതദേഹങ്ങൾ കിട്ടിയത്.
അപകടം നടക്കുമ്പോൾ തെലങ്കാന പവർ ജനറേഷൻ കോർപ്പറേഷന്റെ ( ടി. എസ് ജെൻകോ) 30 ജീവനക്കാർ പ്ലാന്റിൽ ഉണ്ടായിരുന്നു. പതിനഞ്ച് പേർ എമർജൻസി വഴിയിലൂടെ രക്ഷപ്പെട്ടു. ആറ് പേരെ രക്ഷാപ്രവർത്തകർ പുറത്തെത്തിച്ചു. തുരങ്കത്തിൽ പുക നിറഞ്ഞതോടെ രക്ഷാപ്രവർത്തകർക്ക് എത്താനായില്ല. ഇതോടെ ഒൻപത് പേർ കുടുങ്ങുകയായിരുന്നു.
പ്ലാന്റിലെ നാലാം ജനറേറ്ററിന്റെ കൺട്രോൾ പാനലിലാണ് തീ പിടിച്ചത്. ജീവനക്കാർ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. തീ ആളിപ്പടർന്നതോടെ തുരങ്കത്തിലാകെ പുക നിറയുകയായിരുന്നു.
മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു അന്വേഷണത്തിന് ഉത്തരവിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി രാം നാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ആഭ്യന്തര മന്ത്രി അമിതി ഷാ എന്നിവർ അനുശോചനം രേഖപ്പെടുത്തി.അപകടത്തെ തുടർന്ന് നിലയത്തിലെ വൈദ്യുതി ഉത്പാദനം നിലച്ചു.
ശ്രീശൈലം നിലയം
കുർണൂൽ ജില്ലയിൽ കൃഷ്ണാ നദിയിൽ ശീശൈലം അണക്കെട്ടിന് താഴെ ഇടതുകരയിലാണ് അപകടമുണ്ടായ പ്ലാന്റ്. 900 മെഗാവാട്ട് ശേഷി (150 മെഗാവാട്ടിന്റെ ആറ് ജനറേറ്ററുകൾ ). വലതുകരയിലും വൈദ്യുതി പ്ലാന്റുണ്ട്. 770 മെഗാവാട്ട് ശേഷി ( 110 മെഗാവാട്ടിന്റെ ഏഴ് ജനറേറ്ററുകൾ ). രണ്ടിലും കൂടി 1670 മെഗാവാട്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കുന്ന രണ്ടാമത്തെ നിലയമാണ് ശ്രീശൈലം.