kodiyeri

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നൽകാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. വിമാനത്താവളം സ്വകാര്യമേഖലയ്‌ക്ക് കൈമാറാൻ ഒരിക്കലും കേരളം അനുവദിക്കാൻ പോകുന്നില്ലെന്നും, രാഷ്‌ട്രീയഭേദമന്യേ എല്ലാവരും ഈ കാര്യത്തിൽ സഹകരിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിനുശേഷം ഫേസ്ബുക്ക് ലൈവിലൂടെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ചത്.

'തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നൽകാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനം അത്യന്തം പ്രതിഷേധാർഹമാണ്. വൻതോതിൽ അഴിമതിക്ക് സാധ്യതയുണ്ടാകുന്ന വിധത്തിലാണ് ഇപ്പോൾ കേന്ദ്രഗവൺമെന്റ് ഈ തീരുമാനമെടുത്തിട്ടുള്ളത്. ആറ് വിമാനത്താവളങ്ങൾ അദാനിക്ക് വിൽപന നടത്താൻ പോവുകയാണ്. അടുത്ത ആറെണ്ണം കൂടി വിൽക്കാനും കേന്ദ്രസർക്കാർ ഒരുങ്ങുന്നു. എല്ലാ വിമാനത്താവളങ്ങളും അദാനിക്ക്. രാജ്യത്തുള്ള എല്ലാ സീ പോർട്ടുകളും അദാനിക്ക് എന്ന ലക്ഷ്യത്തോടെയാണ് നരേന്ദ്ര മോദി സർക്കാർ ഓരോ തീരുമാനങ്ങളും കൈക്കൊള്ളുന്നത്. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യമേഖലയ്‌ക്ക് കൈമാറാൻ ഒരിക്കലും കേരളം അനുവദിക്കാൻ പോകുന്നില്ല.രാഷ്‌ട്രീയഭേദമന്യേ എല്ലാവരും ഈ കാര്യത്തിൽ സഹകരിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. അദാനി ഗ്രൂപ്പ് നൽകിയ അതേ തുക തന്നെ നൽകികൊണ്ട് സംസ്ഥാന സർക്കാർ വിമാനത്താവളം ഏറ്റെടുക്കാൻ തയ്യാറാണെന്ന് കോടിയേരി വ്യക്തമാക്കി.

വിമാനത്താവളം സ്വകാര്യവൽക്കരിക്കുന്നതിനെതിരെ ആദ്യം നിലപാടെടുത്ത കേന്ദ്രമന്ത്രി വി മുരളീധരൻ ഇപ്പോൾ എങ്ങനെയാണ് മാറിയത്. തിരുവനന്തപുരം എം പി ശശി തരൂരിന്റെ നിലപാടും പൊതുസമൂഹത്തിന് വിരുദ്ധമാണ്. നിലപാട് മാറ്റാൻ തരൂർ തയ്യാറാകണം. വിമാനത്താവളം കൈമാറ്റത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കണമെന്നും, പൊതുജനം ഒറ്റക്കെട്ടായി ഈ നീക്കത്തെ പ്രതിരോധിക്കണമെന്നും കോടിയേരി പറഞ്ഞു. സംസ്ഥാനത്തിന്റെ വികാരം പ്രധാനമന്ത്രി അറിയിക്കുന്നതിനായി രണ്ടു ലക്ഷം ഇ മെയിൽ സന്ദേശങ്ങൾ സി പി എം പ്രവർത്തകർ പ്രധാനമന്ത്രിക്ക് അയക്കുമെന്നും കോടിയേരി കൂട്ടിച്ചേർത്തു.