vijay-shankaer-wedding

ചെന്നൈ∙ ഇന്ത്യൻ ക്രിക്കറ്റ് താരം വിജയ് ശങ്കർ വിവാഹിതനാകുന്നു. വൈശാലി വിശ്വേശരനാണ് വധു. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ വിജയ് ശങ്കർ ആരാധകരുമായി പങ്കുവച്ചു.

ആൾറൗണ്ടറെന്ന നിലയിൽ ഏറെ പ്രതീക്ഷ നൽകി ഇന്ത്യൻ ടീമിലെത്തിയ യുവതാരമാണ് വിജയ് ശങ്കർ. ബാറ്റിംഗിലും ബോളിംഗിലും മികച്ച പ്രകടനങ്ങൾക്ക് കെൽപ്പുള്ള വിജയ് ശങ്കറിനെ ഇക്കഴി‍ഞ്ഞ ഏകദിന ലോകകപ്പിനുള്ള ടീമിൽ ഉൾപ്പെടുത്തിയത് വിവാദമായിരുന്നു. തന്നെ തഴഞ്ഞ് ആൾറൗണ്ടറായ വിജയ് ശങ്കറിന് ടീമിൽ ഇടം നൽകിയതിനെതിരെ പരസ്യ പ്രതികരണവുമായി വെറ്ററൻ താരം അമ്പാട്ടി റായുഡുവിനെ രംഗത്തെത്തുകയും ചെയ്തിരുന്നു. ലോകകപ്പിനിടെ പരുക്കേറ്റ വിജയ് ശങ്കർ നാട്ടിലേക്ക് മടങ്ങുകയും ചെയ്തു.

ഇന്ത്യയ്ക്കായി ഇതുവരെ 12 ഏകദിനങ്ങളും ഒൻപത് ട്വന്റി-20 കളും കളിച്ചു. ഏകദിനത്തിൽ 223 റൺസാണ് സമ്പാദ്യം. ഉയർന്ന സ്കോർ 46 റൺസ്. ട്വന്റി- 20യിൽ ഇതുവരെ നേടിയത് 101 റൺസ്. ഉയർന്ന സ്കോർ 43. ഏകദിനത്തിൽ നാലും ട്വന്റി- 20യിൽ അഞ്ചും വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്.

യു.എ.ഇയിൽനടക്കാനിരിക്കുന്ന ഐ.പി.എല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ താരമാണ് 29കാരനായ വിജയ് ശങ്കർ. സൺറൈസേഴ്സിനൊപ്പം യു.എ.ഇയിലേക്ക് തിരിക്കും മുൻപാണ് വിജയ് ശങ്കർ വിവാഹനിശ്ചയം നടത്തിയത്. കൊവിഡ് കാലത്ത് വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ ക്രിക്കറ്ററാണ്. തമിഴ്നാട് സ്വദേശിയായ വിജയ് ശങ്കർ. യുസ്‌വേന്ദ്ര ചഹലും നർത്തകിയായ ധനശ്രീ വർമയുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞ ദിവസമാണ് നടന്നത്.