ബംഗളുരു : ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ മുൻ ക്യുറേറ്ററും ആഭ്യന്തര താരവുമായിരുന്ന ജി.കസ്തൂരി രംഗൻ (89) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നു ബംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം.
1948ൽ രഞ്ജി ട്രോഫിയിൽ മൈസൂരുവിനു വേണ്ടി അരങ്ങേറ്റം കുറിച്ച അദ്ദേഹം 36 ഫസ്റ്റ് ക്ലാസ് മൽസരങ്ങളിൽ നിന്നു 94 വിക്കറ്റ് വീഴ്ത്തി. 1952ൽ വെസ്റ്റിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടെങ്കിലും വ്യക്തിപരമായ കാരണങ്ങളാൽ പിൻമാറി. 1962ൽ കളിയിൽ നിന്നു വിരമിച്ചതിനു ശേഷം പിച്ച് ഒരുക്കുന്ന ക്യുറേറ്ററായി ക്രിക്കറ്റിൽ തിരിച്ചെത്തി. ബിസിസിഐ 1997ൽ രൂപീകരിച്ച ഗ്രൗണ്ട്സ് ആൻഡ് പിച്ചസ് കമ്മിറ്റി ചെയർമാനുമായി. കർണാടക ക്രിക്കറ്റ് അസോസിയേഷന്റെ വൈസ് പ്രസിഡന്റുമായിട്ടുണ്ട്.