കൊച്ചി: കള്ളക്കടത്തിൽ നേരിട്ട് പങ്കെടുത്തെന്ന് സ്വപ്‌ന സുരേഷ്. എൻഫേഴ്‌സ്മെന്റിനാണ് സ്വപ്ന മൊഴി നൽകിയത്. സ്വർണക്കടത്തിൽ ഉന്നതർ ഉൾപ്പടെയുള്ള ഗൂഢാലോചനയുണ്ടെന്ന് ബോദ്ധ്യപ്പെട്ടുവെന്നും കള്ളപ്പണം വെളുപ്പിക്കുന്നതിൽ പ്രതിയുടെ പങ്കുണ്ടെന്നതിനും തെളിവുണ്ടെന്നാണ് എൻഫോഴ്‌സ്മെന്റ് കണ്ടെത്തൽ. സ്വപ്‌നയുടെ ലോക്കറിലെ പണം കള്ളക്കടത്ത് വഴിയുള്ളതെന്ന് എൻഫോഴ്‌സ്മെന്റ് ഡയറക്‌ടറേറ്റ് വ്യക്തമാക്കുന്നു. ലൈഫ് മിഷൻ കരാറിനുള്ള കമ്മീഷൻ കൈമാറിയത് ബാങ്ക് അക്കൗണ്ട് വഴിയാണ്. സന്ദീപ് നായരുടെ തിരുവനന്തപുരത്തെ അക്കൗണ്ടിലേക്കാണ് പണം നൽകിയത്. സ്വപ്നയ്ക്ക് നേരിട്ട് പണം നൽകിയിട്ടില്ലെന്നാണ് യൂണിടാക് ഉടമ മൊഴി നൽകിയതെന്നും എൻഫോഴ്‌സ്‌മെന്റ് വ്യക്തമാക്കുന്നു.
സ്വർണക്കടത്തിന് ഇന്ത്യയിലും വിദേശത്തും ഗൂഢാലോചന നടത്തിയെന്ന് സ്വപ്ന എൻഫോഴ്സ്മെന്റിന് മൊഴി നൽകിയിട്ടുണ്ടെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വ്യക്തമാക്കി. ഇതേ തുടർന്നാണ് സ്വപ്നസുരേഷിന്റെ ജാമ്യഹർജി കോടതി തള്ളിയത്. ഉന്നത ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കണമെന്ന എൻഫോഴ്‌സ്മെന്റ് വാദം കൂടി പരിഗണിച്ചാണ് കോടതി സ്വപ്നയുടെ ജാമ്യം തള്ളിയത്.
സ്വർണക്കടത്തിൽ എൻഫോഴ്‌സ്മെന്റ് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഇപ്പോൾ ജാമ്യം നൽകാനാവില്ലെന്നും കോടതി വ്യക്തമാക്കി. സ്വർണക്കടത്തിൽ പങ്കുള്ളതായും രാജ്യത്തും പുറത്തും ഇതിന് ഗൂഢാലോചന നടത്തിയെന്നും സ്വപ്ന എൻഫോഴ്സ്മെന്റിന് മൊഴി നൽകിയത് കോടതി ചൂണ്ടിക്കാട്ടി. സ്വപ്ന സ്വാധീനമുള്ള വ്യക്തിയാണെന്നും ഉന്നത സർക്കാർ ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തണമെന്ന് എൻഫോഴ്‌സ്മെന്റ് ആവശ്യപ്പെട്ടതും കോടതി പരിഗണിച്ചു.
എൻഫോഴ്‌സ്മെന്റിന് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ അമ്പതാം വകുപ്പ് പ്രകാരം പ്രതി നൽകുന്ന മൊഴി അവർക്കെതിരെ തെളിവായി പരിഗണിക്കുമെന്നതിനാൽ സ്വപ‌്നയുടെ മൊഴി പ്രധാനമാണ്. ലോക്കറിൽ സ്വപ്ന സൂക്ഷിച്ചിരിക്കുന്ന സ്വർണം കള്ളപ്പണമാണെന്ന എൻഫോഴ്‌സ്മെന്റ് കണ്ടെത്തലും കോടതി പരാമർശിച്ചു.