ജറുസലേം: ആവശ്യമാണ് സൃഷ്ടിയുടെ മാതാവ് എന്ന വാക്ക് അന്വർത്ഥമാക്കുന്നതാണ് ഈ കൊവിഡ് കാലം. നമ്മുടെ പല ശീലങ്ങളും ഇല്ലാതാവുകയും പുതിയവ ഉദയം ചെയ്യുകയുണ്ടായി. അത്തരമാെരു വാർത്തയാണ് അങ്ങ് ഇസ്രായേലിൽ നിന്ന് വരുന്നത്. സിനിമ കാണാൻ ആഗ്രഹിക്കുന്നവർക്കായി ഫ്ളോട്ടിംഗ് തിയേറ്ററുകൾ ഒരുക്കിയാണ് രാജ്യം പുതിയ വിപ്ളവത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. രാജ്യത്തെ ടെൽ അവിവ് മുനിസിപ്പാലിറ്റിയാണ് ഫ്ളോട്ടിംഗ് തിയേറ്ററിനു പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. സെയിൽ ഇൻ സിനിമ എന്ന് പേരിട്ടിരിക്കുന്ന തിയേറ്റർ 70 പെഡൽ ബോട്ടിൽ യാർക്കോൺ പാർക്കിലെ തടാകത്തിൽ രണ്ട് മീറ്റർ അകലെ സ്ക്രീൻ ഒരുക്കിയായിരുന്നു പ്രദർശനം. സാമൂഹിക അകലം പാലിക്കാൻ വേണ്ടിയാണ് രണ്ട് മീറ്റർ അകലെ സ്ക്രീൻ വച്ചത്. നിരവധി പേരാണ് ഫ്ളോട്ടിംഗ് തിയേറ്ററിൽ സിനിമ കാണാൻ എത്തിയത്. ബോട്ടിൽ ഇരുന്നും കാറിൽ ഇരുന്നുമൊക്കെ സിനിമ കാണാമെങ്കിലും വരുന്നവർ സാമൂഹിക അകലം പാലിച്ചിട്ടുണ്ടെന്നും മാസ്ക് ധരിച്ചിട്ടുണ്ടെന്നും ഉറപ്പാക്കാനായി ആരോഗ്യ പ്രവർത്തകരും പാർക്കിലുണ്ടാകും. ഒരു ദിവസം രണ്ട് പ്രദർശനമാണ് ഫ്ളോട്ടിംഗ് തിയേറ്ററിലുണ്ടാവുക. ഇന്നലെയാണ് ആദ്യ പ്രദർശനം നടന്നത്. 200 പേർ കാണാനെത്തി. കോമഡി ചിത്രമായ പാഡിംഗ്ടൺ 2 ആയിരുന്നു ആദ്യ പ്രദർശനം.ഫ്ളോട്ടിംഗ് തിയേറ്റർ വിജയകരമായാൽ അത് സിനിമാ മേഖലയിൽ പുതിയ വിപ്ളവത്തിന് വഴിയൊരുക്കും.