macron

പാരിസ്: ഔദ്യോഗിക സന്ദർശനത്തിനായി ഫ്രാൻസിൽ എത്തിയ ജർമ്മൻ ചാൻസലർ ആംഗല മെർക്കലിനെ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ സ്വീകരിച്ചത് ഇന്ത്യൻ രീതിയിൽ. വ്യാഴാഴ്ച മാക്രോണിന്റെ വേനൽക്കാല വസതിയിലെത്തിയ ആംഗലയെ കൈകൂപ്പി നമസ്‌തേ പറഞ്ഞ് തല കുനിച്ച് വന്ദിച്ചാണ് അദ്ദേഹം സ്വാഗതം ചെയ്തത്. ആംഗലയും തിരികെ നമസ്‌തേ പറഞ്ഞു.

കൈകൂപ്പൽ കണ്ട് ആംഗല ആദ്യമൊന്ന് ഞെട്ടിയെങ്കിലും അതേ രീതിയിൽ തന്നെ പ്രത്യഭിവാദം നടത്തി. നേതാക്കൾ ഇരുവരും ഹസ്തദാനം ഒഴിവാക്കി നമസ്‌തേ പറയുന്നതിന്റെ വീഡിയോ സാമൂഹികമാദ്ധ്യമങ്ങളിൽ വൈറലാണ്.

പരസ്പരം കാണുമ്പോൾ ഹസ്തദാനം നൽകുകയോ ആലിംഗനം ചെയ്യുകയോ ആണ് വിദേശ രാഷ്ട്രത്തലവന്മാരുടെ ഉപചാരരീതി. എന്നാൽ കൊവിഡ് വ്യാപനം വർദ്ധിച്ചതോടെ നമസ്‌തേയ്ക്ക് ആഗോളതലത്തിൽ വൻ സ്വീകാര്യത ലഭിച്ചു.

കൊവിഡിനെ പ്രതിരോധിക്കാൻ ഹസ്തദാനം നൽകുന്നത് ഒഴിവാക്കി,​ നമസ്‌തേ ശീലമാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ജനങ്ങളോട് നമസ്‌തേ ശീലമാക്കാൻ നിർദ്ദേശിച്ചിരുന്നു. യു.എസ് പ്രസിഡന്റ്‌ ഡൊണാൾഡ് ട്രംപ്, ചാൾസ് രാജകുമാരൻ എന്നിവർ ആഗോളവേദികളിൽ നമസ്‌തേയിലൂടെ ആശംസ അറിയിച്ചിരുന്നു.