ബാഴ്സലോണ : യുവേഫ ചാമ്പ്യൻസ് ലീഗിൽ ബയേണ്‍ മ്യൂണിക്കിൽ നിന്നേറ്റ വൻ തോൽവിയുടെ ആഘാതത്തിൽനിന്ന് ടീമിനെ കരകയറ്റാനുള്ള അഴിച്ചുപണിക്ക് ബാഴ്സലോണ തുടക്കമിട്ടു. ഇതിന് മുന്നോടിയായി ലൂയിസ് സുവാരേസ് അടക്കമുള്ള സീനിയർ താരങ്ങളോട് സ്വയം പുതിയ ലാവണം കണ്ടെത്താൻ പുതിയ കോച്ച് റൊണാൾഡ് കൂമാൻ ആവശ്യപ്പെട്ടതായാണ് വിവരം.
പരിശീലകൻ ക്വിക്കെ സെറ്റിയാൻ, സ്‌പോർട്ടിംഗ് ഡയറക്ടർ എറിക് അബിദാൽ എന്നിവരെ പുറത്താക്കിയക്ളബ് മാനേജ്മെന്റ് ഹോളണ്ടുകാരനായ കൂമാനെ കഴിഞ്ഞ ദിവസം കോച്ചായി ഔദ്യോഗികമായി അവതരിപ്പിച്ചിരുന്നു. ഈ സമയത്ത് ടീമിലെ ഉടച്ചുവാർക്കലുകളെപ്പറ്റി വ്യക്തമായ നിലപാട് കൂമാൻ പ്രഖ്യാപിക്കുകയും ചെയ്തു. ആത്മാർത്ഥമായി തന്നോടൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർമാത്രം തുടർന്നാൽ മതിയെന്നാണ് കൂമാൻ പറഞ്ഞത്. ആരെയും പിടിച്ചുനിറുത്താൻ താനില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ദീർഘകാലമായി ബാഴ്സലോണയുടെ മുന്നേറ്റനിരയിൽ മെസിക്കൊപ്പം കളിക്കുന്ന സുവാരേസ് ഉൾപ്പടെയുള്ളവർക്ക് പോകാമെന്നുതന്നെയാണ് കൂമാന്റെ നിലപാട്. ഇക്കാര്യം കോച്ച് നേരിട്ട് താരങ്ങളെ അറിയിച്ചതായും സൂചനയുണ്ട്. സുവാരേസിനൊപ്പം ഇവാൻ റാക്കിറ്റിച്ച്, സാമുവൽ ഉമിറ്റിറ്റി എന്നിവർക്കും ക്ലബ് വിടാമെന്നാണ് പുതിയ പരിശീലകന്റെ നിർദേശം. സുവാരസിന് പകരം ഇന്റർ മിലാനിൽ നിന്ന് മിന്നുന്ന ഫോമിലുള്ള സ്‌ട്രൈക്കർ ലൗതാരോ മാർട്ടിനെസിനെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ ബാഴ്‌സ നടത്തുന്നുണ്ട്. അതേസമയം സുവാരസിനായി ഡച്ച് ക്ലബ് അയാക്‌സ് ബാഴ്‌സയെ സമീപിച്ചതായും റിപ്പോർട്ടുകളുണ്ട്. നേരത്തെ അയാക്‌സിനായി കളിച്ച താരമാണ് സുവാരേസ്. 2007 മുതൽ 2011 വരെ അയാക്‌സിനായി കളിച്ച താരം തുടർന്ന് ലിവർപൂളിലേക്ക് മാറുകയായിരുന്നു. 2014-ലാണ് ബാഴ്‌സലോണയിലെത്തിയത്. മെസി - സുവാരേസ് - നെയ്മർ എന്നിവരടങ്ങിയ ബാഴ്‌സയുടെ മുന്നേറ്റനിര ഏറെ പ്രസിദ്ധമായിരുന്നു.
സീനിയർ താരങ്ങളായ ജെറാഡ് പിക്വെ, ജോർഡി ആൽബ, സെർജിയോ ബുസ്‌ക്വെറ്റ്സ് എന്നിവരെയും ഒഴിവാക്കാൻ കൂമാൻ തീരുമാനിച്ചതായി റിപ്പോർട്ടുകളുണ്ട്. പ്രതിരോധത്തിലേക്ക് മികച്ച താരങ്ങളെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് കോച്ചും മാനേജ്മെന്റും. മെസിയുടെ കൂടി താത്പര്യങ്ങൾ പരിഗണിച്ചാണ് താരങ്ങളെ ഒഴിവാക്കുന്നതും എത്തിക്കുന്നതും.
മെസിയടക്കം വിരലിലെണ്ണാവുന്നവരെ മാത്രമേ നിലനിറുത്താൻ സാദ്ധ്യതയുള്ളൂ എന്നാണ് അറിയുന്നത്. കൗമാരതാരം അൻസു ഫട്ടി, ഫ്രഞ്ച് താരം അന്റോയ്ൻ ഗ്രീസ്മാൻ,ഫ്രെങ്കീ ഡിജോംഗ് തുടങ്ങിവരാണ് ടീമിൽ തുടരാൻ സാദ്ധ്യത.
പുറത്തേക്ക് വഴിതെളിയുന്നവർ
ലൂയിസ് സുവാരേസ്
ജെറാഡ് പിക്വെ
സാമുവൽ ഉമിറ്റിറ്റി
സെർജിയോ ബുസ്ക്വെറ്റ്സ്
അർടുറോ വിദാൽ
മെസി പോകുമോ ?
അതേസമയം സൂപ്പർ താരം മെസി ബാഴ്സലോണ വിട്ടുപോകുമോ എന്ന അഭ്യൂഹവും പരക്കുകയാണ്. കഴിഞ്ഞ ദിവസം കൂമാനുമായി കൂടിക്കാഴ്ച നടത്തിയ മെസി ബാഴ്സയിൽ തുടരുന്നതിനേക്കാൾ തനിക്കിഷ്ടം പോകുന്നതാണെന്ന് വ്യക്തമാക്കിയതായി സ്പാനിഷ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.