no-mask-in-beijing

ബീജിംഗ്: കൊവിഡിന് ശമനമായതോടെ ചൈനീസ് തലസ്ഥാനമായ ബീജിംഗിൽ ജനങ്ങൾ മാസ്ക് വയ്ക്കേണ്ടെന്ന് അധികൃതർ. കഴിഞ്ഞ 13 ദിവസമായി നഗരത്തിൽ പുതുതായി ഒരു കേസ് പോലും റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് പുറത്തിറങ്ങുമ്പോൾ മാസ്ക് നിർബന്ധമാക്കിയ നടപടി സർക്കാർ പിൻവലിച്ചത്.

അതേസമയം, നിയന്ത്രണങ്ങൾ പിൻവലിച്ചെങ്കിലും ബീജിംഗിൽ വലിയൊരു ശതമാനം ആളുകളും ഇന്നലെ മാസ്ക് ധരിച്ചാണ് പുറത്തിറങ്ങിയതെന്ന് റിപ്പോർട്ടുണ്ട്.
ഇത് രണ്ടാം തവണയാണ് ബീജിംഗിൽ പൊതുസ്ഥലത്ത് മാസ്ക് ധരിക്കുന്നതിന് ഇളവ് നൽകുന്നത്. രണ്ട് ഘട്ടമായി പ്രഖ്യാപിച്ച ലോക്ക്ഡൗണിനു ശേഷം നഗരത്തിൽ കൊവിഡ് ഏതാണ്ട് പൂർണമായി അവസാനിക്കുകയും ജനജീവിതം സാധാരണമട്ടിലാവുകയും ചെയ്തിട്ടുണ്ട്.
ജനങ്ങൾ പൊതുസ്ഥലത്ത് നിർബന്ധമായും മാസ്ക് വയ്ക്കേണ്ടതില്ലെന്ന് ഏപ്രിൽ അവസാനത്തോടെ ബീജിംഗ് മുനിസിപ്പൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ജനങ്ങളെ അറിയിച്ചിരുന്നെങ്കിലും നഗരത്തിലെ ഹോൾസെയിൽ മാർക്കറ്റ് കേന്ദ്രീകരിച്ച് വൻതോതിൽ രോഗവ്യാപനം ഉണ്ടായതോടെ വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയായിരുന്നു.

അതേസമയം, അമേരിക്ക അടക്കമുള്ള ലോകരാജ്യങ്ങളിൽ കൊവിഡ് വ്യാപനം ശമനമില്ലാതെ തുടരുകയാണ്.

കൊവിഡ് മീറ്റർ

ലോകത്ത് ആകെ മരണം - 797,763

രോഗികൾ - 22,898,805

രോഗവിമുക്തർ - 15,545,080