മോസ്കോ։ റഷ്യയുടെ കൊവിഡ് വാക്സിനായ സ്പുട്നിക് 5ന്റെ നിർമ്മാണത്തിൽ ഇന്ത്യയുടെ സഹകരണം തേടുന്നുണ്ടെന്ന് റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട് സി.ഇ.ഒ കിറിൽ ദിമിത്രീവ് അറിയിച്ചു.
മരുന്ന് നിർമ്മാണത്തിൽ പങ്കാളികളാകുന്നതിന് ലാറ്റിനമേരിക്കയിൽ നിന്നും ഏഷ്യയിൽ നിന്നും നിരവധി രാജ്യങ്ങൾ താത്പര്യം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വാക്‌സിന്റെ നിർമ്മാണം പ്രധാനപ്പെട്ട പ്രശ്‌നമാണ്. നിലവിൽ ഇന്ത്യയുമായി പങ്കാളിത്തത്തിൽ ഏർപ്പെടാനാണ് താത്പര്യപ്പെടുന്നത്. ഇന്ത്യയ്ക്ക് ഗാമലേയ ഇന്‍സ്റ്റിറ്റ്യൂട്ട് തയാറാക്കിയ വാക്‌സിൻ നിർമ്മിക്കാൻ സാധിക്കും. അഞ്ചു രാജ്യങ്ങളുമായി സഹകരിച്ച് മരുന്ന് നിർമ്മിക്കാനാണ് ആലോചിക്കുന്നത്. റഷ്യയ്ക്ക് പുറമെ, യു,എ.ഇയിലും സൗദി അറേബ്യയിലും ബ്രസീലിലും ഇന്ത്യയിലും പരീക്ഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. അടുത്ത ആഴ്ചയ്ക്കുള്ളിൽ റഷ്യയിലുടനീളം 45 മെഡിക്കൽ സെന്ററുകളിലായി 40,000ത്തിലധികം ആളുകളിൽ വാക്സിൻ പരീക്ഷിക്കാനുള്ള തയാറെടുപ്പിലാണ്. രാജ്യത്തെ പൊതുജനങ്ങൾക്ക് മരുന്ന് ലഭ്യമാക്കുന്നതിനുള്ള അനുമതി നേടുന്നതിന് മുന്നോടിയായാണ് പരീക്ഷണം.റഷ്യ വാക്സിനെക്കുറിച്ച് ഇതുവരെ നൽകിയിരിക്കുന്ന വിവരങ്ങളുടെ കൂടുതൽ വിശദാംശങ്ങൾ ഇതിലൂടെ കണ്ടെത്താൻ സാധിക്കുമെന്നാണ് കരുതുന്നത്. വിവരങ്ങളുടെ അഭാവം നിരവധി ഗവേഷകർ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പുതിയ പരീക്ഷണം എന്നാണ് റിപ്പോർട്ട്.
ആർ.ഡി.ഐ.എഫുമായി ചേർന്ന് ഗാമലേയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് വാക്‌സിൻ കണ്ടെത്തിയിരിക്കുന്നത്.