ലിസ്ബൺ : കൊവിഡിന്റെ വരവിൽ നീണ്ട ഇടവേള വന്ന യൂറോപ്യൻ ഫുട്ബാളിന്റെ ഈ സീസണിന് നാളെ കർട്ടൻ വീഴുകയാണ്.പോർച്ചുഗലിലെ ലിസ്ബണിൽ നാളെ രാത്രി ഇന്ത്യൻ സമയം 12.30നാണ് ജർമ്മൻ ക്ലബ് ബയേൺ മ്യൂണിക്കും ഫ്രഞ്ച് ക്ളബ് പാരീസ് എസ്.ജിയും തമ്മിലുള്ള ഫൈനൽ.
കൊവിഡിന്റെ നിയന്ത്രണങ്ങൾ കാരണം പതിവ് രീതിയിലെ ഹോം ആൻഡ് എവേ ദ്വിപാദ മത്സരങ്ങൾ ഉപേക്ഷിച്ച് ക്വാർട്ടറും സെമിയും ഏകപാദങ്ങളായി ലിസ്ബണിലെ പൊതുവേദിയിലാണ് നടത്തിയത്. രണ്ടാം പാദ മത്സരങ്ങൾ പാതിവഴിയിലെത്തിയിരുന്നപ്പോഴാണ് കളിക്ക് ലോക്കുവീണിരുന്നത്. തുടർന്ന് ഈ മാസമാദ്യം അവശേഷിച്ചിരുന്ന രണ്ടാം പാദ പ്രീക്വാർട്ടർ മത്സരങ്ങൾ അതത് ഹോംഗ്രൗണ്ടുകളിൽ നടത്തിയശേഷമാണ് ലിസ്ബൺ നോക്കൗട്ടിന് വേദിയായത്.
ആഭ്യന്തര ലീഗുകളിൽ മികച്ച പ്രകടനം നടത്തിയ രണ്ട് ടീമുകളാണ് ഫൈനലിലെത്തിയിരിക്കുന്നത്. ബയേൺ മ്യൂണിക്ക് ജർമ്മനിയിലെ രണ്ട് പ്രധാന കിരീടങ്ങളും- ബുണ്ടസ് ലീഗയും ജർമ്മൻ കപ്പും -നേടിയവരാണ്. പാരീസ് മൂന്ന് കിരീടങ്ങളാണ് സീസണിൽ ഇതിനകം നേടിക്കഴിഞ്ഞത്. പാതിവഴിയിൽ മതിയാക്കിയ ഫ്രഞ്ച് ലീഗ് വൺ കിരീടം പാരീസിന് സമ്മാനിച്ചപ്പോൾ ഫ്രഞ്ച് കപ്പ്,ഫ്രഞ്ച് ലീഗ് കപ്പ് ഫൈനലുകളൾ ജയിച്ചതും നെയ്മറും കൂട്ടരും തന്നെ.
ഇംഗ്ളീഷ് ക്ളബ് ചെൽസിയെ രണ്ടാം പാദ പ്രീക്വാർട്ടറിൽ 4-1ന് തകർത്താണ് ലോക്ക്ഡൗണിന് ശേഷം ബയേൺ കുതിപ്പ് തുടങ്ങിയത്. ആദ്യപാദത്തിൽ 3-0ത്തിനായിരുന്നു ബയേണിന്റെ ജയം. തുടർന്ന് ക്വാർട്ടറിൽ ബാഴ്സലോണയെ 8-2ന് കീഴടക്കിയത് എക്കാലവും ഒാർമ്മിക്കാനുള്ള വിജയമായി. സെമിയിൽ ഫ്രഞ്ച് ക്ളബ് ഒളിമ്പിക് ലിയോണിനെ തകർത്തത് 3-0ത്തിന് . കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ നിന്നുമാത്രം ബയേൺ അടിച്ചുകൂട്ടിയത് 15 ഗോളുകളാണ്. മിന്നുന്ന ഫോമിലുള്ള റോബർട്ട് ലെവൻഡോവ്സ്കി, തോമസ് മുള്ളർ,സെർജി ഗ്നാബ്രി,ജോഷ്വ കിമ്മിഷ് തുടങ്ങിയവരാണ് ബയേണിന്റെ കരുത്ത്.
ലോക്ക്ഡൗണിന് മുമ്പ് ക്വാർട്ടർ ഉറപ്പിച്ചിരുന്ന പാരീസ് ലിസ്ബണിലെത്തി ക്വാർട്ടറിൽ അറ്റലാന്റയോട് അവസാന സമയത്ത് 2-1ന് വിജയം കാണുകയായിരുന്നു. സെമിയിൽ ജർമ്മൻ ക്ളബ് ആർ.ബി ലെയ്പ്സിഗിനോട് 3-0ത്തിനായിരുന്നു വിജയം. നെയ്മർ, കിലിയൻ എംബാപ്പെ, ഏയ്ഞ്ചൽ ഡി മരിയ എന്നിവരാണ് പാരീസിന്റെ തുറുപ്പുചീട്ടുകൾ. 70-ാം വാർഷികം ആഘോഷിക്കുന്ന പാരീസ് എസ്.ജി ആദ്യമായാണ് ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിലെത്തുന്നത്.