വാഷിംഗ്ടൺ: ബുധനാഴ്ച നാഷണൽ ഡെമോക്രാറ്റിക് പാർട്ടിയുടെ മീറ്റിംഗിൽ പ്രസംഗിക്കുന്നതിനിടെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയും ഇന്ത്യൻ വംശജയുമായ കമല ഹാരിസ് തന്റെ പ്രിയപ്പെട്ട ചിത്തിമാരെക്കുറിച്ച് വാചാലയായി. ചിത്തിയോ? അതെന്ത് സാധനം? എന്ന് പറഞ്ഞ് അന്തംവിട്ട അമേരിക്കക്കാർ പിന്നെ ചിത്തിയുടെ അർത്ഥം കണ്ടുപിടിക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു. അമേരിക്കയിലെ സാമൂഹിക മാദ്ധ്യമങ്ങളും ഇപ്പോൾ ചിത്തിയ്ക്ക് പിറകേയാണ്.
ചിത്തി എന്ന തമിഴ് വാക്കിന്റെ അർത്ഥം ചെറിയമ്മ എന്നാണ്. ഒരാളുടെ വ്യക്തിത്വം രൂപപ്പെടുന്നതിൽ കുടുംബത്തിനുള്ള പങ്കിനെ പറ്റി പറയുമ്പോഴാണ് കമല തന്റെ ചിത്തിമാരെ പറ്റി പറഞ്ഞത്. 'അമ്മ ഞങ്ങളെ അഭിമാനമുള്ള, ശക്തരായ കറുത്ത വനിതകളായി വളരാനാണ് പഠിപ്പിച്ചത്. എപ്പോഴും കുടുംബത്തിന് പ്രാധാന്യം നൽകണമെന്ന് അമ്മ പറയുമായിരുന്നു. നമ്മൾ ജനിച്ച കുടുംബവും പിന്നീട് വിവാഹത്തിലൂടെ നാം തിരഞ്ഞെടുക്കുന്ന കുടുംബവും. എനിക്ക് കുടുംബമെന്നാൽ എന്റെ അമ്മാവന്മാർ, അമ്മായിമാർ, ചിത്തിമാർ ഇവരൊക്കെയാണ്.' കമല പറഞ്ഞു.