സോൾ: ഉത്തര കൊറിയൻ ഭരണാധികാരി കിം ജോംഗ് ഉൻ തന്റെ അധികാരങ്ങൾ സഹോദരിയായ കിം യോ ജോംഗിന് കൂടി പകുത്തു നൽകുന്നു. ആഭ്യന്തര കാര്യങ്ങൾ സംബന്ധിച്ച് തീരുമാനമാനമെടുക്കാനുള്ള അധികാരമാണ് ജോംഗിന് നൽകിയത്. യു.എസ്, ദക്ഷിണ കൊറിയ വിഷയങ്ങളിൽ രാജ്യത്തിന്റെ നിലപാടും ജോംഗിന് തീരുമാനിക്കാം. അധികാരം പകുത്ത് നൽകിയെങ്കിലും പരമാധികാരി താൻ തന്നെയായിരിക്കുമെന്നാണ് കിം ജോംഗ് ഉൻ അനുയായികളെ അറിയിച്ചിരിക്കുന്നത്. സഹോദരിക്കു പുറമേ അടുപ്പക്കാരായ മറ്റു ചിലർക്കും ഇത്തരം അധികാരം കൈമാറിയതായും വാർത്തകൾ പുറത്തുവരുന്നുണ്ട്.
ഉത്തര കൊറിയൻ വാർഷികാഘോഷത്തിന്റെ ഭാഗമായി സൈനികർക്ക് തോക്ക് വിതരണം ചെയ്യുന്ന ചടങ്ങിൽ കിമ്മിനൊപ്പം സഹോദരിയും പങ്കെടുത്തിരുന്നു. അന്നു തന്നെ അധികാര കൈമാറ്റത്തെക്കുറിച്ച് ചില സൂചനകൾ വിദേശമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരുന്നില്ല. തന്റെ പിൻഗാമിയായി സഹോദരിയെ കിം ജോംഗ് ഉൻ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അതുകൊണ്ടു തന്നെ നിലവിലെ അധികാര കൈമാറ്റങ്ങൾക്കു പിന്നിലെ ലക്ഷ്യം പിഴവുകളിൽ നിന്ന് ഉത്തരവാദിത്വം ഒഴിവാക്കുകയാണെന്നും ചാരസംഘടന ചൂണ്ടിക്കാട്ടുന്നു.