മത്തിക്ക് കേരളത്തിലേതിനേക്കാൾ 'വില'യുള്ള ഒരു നാടുണ്ട്. മത്തിയുടെ സംസ്കാരം ആഘോഷമാക്കുന്ന ഒരു നാട്. സ്പെയിനിലെ മാഡ്രിഡിലാണ് ജനങ്ങൾ മത്തിക്ക് സംസ്കാരമൊരുക്കുന്നത്. മത്തി കിട്ടാത്തത് കൊണ്ടാണ് ഇതെന്ന് കരുതല്ലേ! വർഷാവർഷം മാഡ്രിഡിൽ നടക്കുന്ന ഒരു ചടങ്ങാണിത്.
സ്പെയിനിലെ കാർണിവൽ അവസാനിച്ചതിന്റെ സൂചനയായി നടത്തുന്ന ചടങ്ങാണ് മത്തി സംസ്കാരം. കാർണിവലിന് സമാനമായ പരേഡോടു കൂടിയാണ് മത്തിയുടെ സംസ്കാരം നടക്കുന്നത്. ഇതിനായി ഉപയോഗിക്കുന്നത് യഥാർത്ഥ മത്തിയല്ല കെട്ടോ. മത്തിയുടെ വലിയ മാതൃകയുണ്ടാക്കി അതുമായാണ് പരേഡിനിറങ്ങുന്നത്. ഏറെ പ്രതീകാത്മകമായ ചടങ്ങാണിത്. മത്തിയോടൊപ്പം ഭൂതകാലത്തെ ദഹിപ്പിക്കുന്നു എന്നാണ് വിശ്വാസം.
ഇതോട് കൂടി സമൂഹം കൂടുതൽ വീര്യത്തോടെ പുനർജനിക്കുമെന്നും അവർ വിശ്വസിക്കുന്നു. ലോകമെമ്പാടുമുള്ള
കാർണിവലുകളിൽ കണ്ടുവരുന്നതാണ് ഇത്തരം കോലം കത്തിക്കലുകൾ. പുനരുജ്ജീവനമായാണ് ഇതിനെ കണക്കാക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രശസ്ത സ്പാനിഷ് ചിത്രകാരനായ ഫ്രാൻസിസ്കോ ഗോയയുടെ പ്രശസ്തമായ ചിത്രമാണ്
മത്തിയുടെ ശവസംസ്കാരം. എന്നാൽ മത്തിയുടെ രൂപം ചിത്രത്തിലില്ല. ഭീകരതയുള്ള കാർണിവൽ ഫ്ളാഗും നൃത്തം ചെയ്യുന്നവരുമാണ് ചിത്രത്തിലെ പ്രധാന വിഷയം.