life-sentence

ലണ്ടൻ: ലണ്ടനിൽ ഇന്ത്യൻ പൗരന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് ക്രോയ്‌ഡൺ ക്രൗൺ കോടതി. പത്ത്​ വർഷം മുമ്പ്​ കൊലപാതകവും സ്ത്രീ പീഡനവും ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ നടത്തിയ അമൻ വ്യാസിനാണ് ​(36) ശിക്ഷ ലഭിച്ചത്. 2009ൽ മിഷേൽ സമാരവീര (32) എന്ന യുവതിയെ പീഡിപ്പിച്ച് കൊന്ന കേസിലും ഒന്നിലധികം സ്​ത്രീകളെ പീഡിപ്പിച്ച കേസിലും അമൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി മിനിമം 37 വർഷത്തെ തടവും ചേർത്താണ് ശിക്ഷ വിധിച്ചത്​. വാൾത്താംസ്റ്റോവിൽ 2009 മാർച്ച്- മേയ് മാസങ്ങൾക്കിടെയാണ് കുറ്റകൃത്യങ്ങൾ നടന്നിരിക്കുന്നത്.

വിദ്യാർത്ഥി വിസയിൽ ലണ്ടനിൽ താമസിക്കുകയായിരുന്നു അമൻ. 2009 മെയ്‌ 30ന് രാവിലെ ഫ്ലാറ്റിൽ നിന്നും സാധനങ്ങൾ വാങ്ങാൻ പുറത്തുപോയ മിഷേലിന്റെ മൃതദേഹം അതിരാവിലെ വാൾത്താംസ്റ്റോവിലെ ചെറിയ പാർക്കിൽ കണ്ടെത്തുകയായിരുന്നു. പിന്നീട് നടന്ന അന്വേഷണങ്ങൾക്കൊടുവിൽ പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. മിഷേലിനെ പീഡിപ്പിച്ച് കൊന്ന അമൻ കൃത്യത്തിനു ശേഷം ഇന്ത്യയിലേക്ക്​ കടന്നു. 2011 ജൂലായിൽ ഡൽഹി വിമാനത്താവളത്തിൽ വച്ച്​ ഇയാളെ അറസ്​റ്റു ചെയ്​തതായി ഇന്ത്യ അറിയിച്ചിരുന്നു. തുടർന്ന് അമന്‍ ജാമ്യത്തിൽ പുറത്തിറങ്ങി. എന്നാൽ പിന്നീട്​ അമനെ കൈമാറാൻ യു.കെ പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ സമ്മർദ്ദം ചെലുത്തിയതിനെ തുടർന്ന് 2019 ഒക്​ടോബർ നാലിന്​ ബ്രിട്ടനിലേക്ക് തന്നെ നാടുകടത്തി.