navalny

സൈബേറിയ: റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനിയുടെ നില അതീവ ഗുരുതരമായി തുടരുന്നതായി റിപ്പോർട്ട്. നവൽനി ജീവനു വേണ്ടി മല്ലിടുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. വ്യാഴാഴ്ചയാണ് വിഷാംശം ഉള്ളിൽ ചെന്ന് അവശനായ നിലയിൽ നവൽനിയെ മസ്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നവൽനിയുടെ ശരീരത്തിൽ വിഷാംശം കണ്ടെത്താൻ കഴിഞ്ഞില്ലെന്നായിരുന്നു ഇന്നലെ ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ. രക്തത്തിൽ പഞ്ചസാരയുടെ അളവു കുറഞ്ഞതിനെ തുടർന്നുണ്ടായ പ്രശ്നങ്ങളാണ് നവൽനിക്കെന്നും ആശുപത്രിയെ ഉദ്ദരിച്ച് ചില വിദേശ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ. പിന്നീട് നവൽനിയുടെ വിരലുകളിലും വസ്ത്രത്തിലും വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കുന്ന രാസവസ്തുക്കളുടെ സാന്നിദ്ധ്യം കണ്ടെത്തിയതായി മസ്ക് ആശുപത്രിയിലെ ഡോക്ടർ അലക്സാണ്ടർ മുർകോവിസ്കിയെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. 44 കാരനായ നവൽനിയുടെ നില ഗുരുതരമായി തുടരുകയാണെന്നും ഡോക്ടർ അറിയിച്ചു.

സൈബീരിയൻ പട്ടണമായ ടോംസ്‌കിലെ വിമാനത്തത്താവളത്തിലെ കഫേയിൽ നിന്ന് ചായകുടിച്ച നവൽനിക്ക് അവിടെ നിന്ന് മോസ്‌കോയിലേക്കുള്ള വിമാന യാത്രയ്‌ക്കിടെ കടുത്ത ശാരീരിക അസ്വസ്ഥതയുണ്ടായി. ടോയ്‌ലെറ്റിലേക്ക് പോയ അദ്ദേഹം ബോധം കെട്ട് വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ച നവൽനി പിന്നീട് കോമാ സ്റ്റേജിലായി. നവൽനിയെ സൈബേറിയയിലെ ആശുപത്രിയിലേക്ക് മാറ്റാൻ ഭാര്യ ലൂയിയയും ബന്ധുക്കളും ശ്രമം നടത്തിയെങ്കിലും യാത്രയ്ക്ക് അനുവദിക്കാൻ കഴിയുന്ന അവസ്ഥയിലല്ല നവൽനിയെന്നാണ് ആശുപത്രി അധികൃതർ നൽകിയ മറുപടി. തികച്ചും ആരോഗ്യവാനായി വിമാനത്തിൽ കയറിയ നവൽനി ഇപ്പോൾ വെന്റിലേറ്ററിന്റെ സഹായത്താലാണ് ജീവൻ നിലനിറുത്തുന്നത്.

 ജീവനക്കാരൻ അപ്രത്യക്ഷനായി

വിമാനത്താവളത്തിൽ വച്ച് നവൽനിക്ക് ചായ നൽകിയ കോഫി ഷോപ്പ് ജീവനക്കാരൻ അപ്രത്യക്ഷനായതും സംശയം വർദ്ധിപ്പിക്കുന്നുണ്ട്. വ്യാഴാഴ്ച തന്നെ പൊലീസ് എത്തി എയർപോർട്ടിലെ കോഫി ഷോപ്പ് അടപ്പിച്ചിരുന്നു. അവിടെയുള്ള സിസിടിവി ദൃശ്യങ്ങളിൽ ജീവനക്കാരന്റെ മുഖം കണ്ടെങ്കിലും ആളെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. റേ്യൻ പ്രസിഡന്റ് വ്ളാഡിമർ പുട്ടിന്റെ ശക്തനായ എതിരാളിയായ നവൽനിയുടെ പെട്ടന്നുള്ള ഈ അവസ്ഥാ മാറ്റം വൻ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്.