navalny

സൈബേറിയ:ചായയിൽ വിഷം കലർത്തി കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് കരുതുന്ന റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനി ( 44 )​ മരണത്തോട് പൊരുതുകയാണ്. അബോധാവസ്ഥയിൽ വെന്റിലേറ്ററിൽ കഴിയുന്ന അദ്ദേഹത്തിന്റെ നിലയിൽ ഒട്ടും പുരോഗതി ഇല്ല.

വ്യാഴാഴ്ചയാണ് നവൽനിയെ ഓംസ്‌കിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.അതിന് പിന്നാലെ റഷ്യൻ സുരക്ഷാസേന ആശുപത്രി നിയന്ത്രണത്തിലാക്കി. നവൽനിയുടെ അവസ്ഥയുടെ കാരണം ഡോക്ടർമാർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

നവൽനിയെ ജർമ്മനിയിലെ ആശുപതിയിലേക്ക് കൊണ്ടുപോകണമെന്ന് കുടംബം ആവശ്യപ്പെട്ടെങ്കിലും ഡോക്ടർമാർ വിസമ്മതിച്ചു.

സൈബീരിയൻ നഗരമായ ഓംസ്‌കിൽ നിന്ന് 4,​200 കിലോമീറ്ററുണ്ട് ജർമ്മനിയിലെ ബർലിനിലേക്ക്. ആറ് മണിക്കൂർ വിമാനയാത്ര. അദ്ദേഹത്തെ അങ്ങോട്ട് കൊണ്ടുപോകാൻ ഒരു വിമാനം സർവ്വ സജ്ജമായി ഓംസ്‌ക് വിമാനത്താവളത്തിൽ കാത്തുകിടക്കുകയാണ്.

നവൽനിയുടെ ശരീരത്തിൽ വിഷാംശം കണ്ടെത്തിയില്ലെന്നായിരുന്നു ആദ്യ റിപ്പോർട്ട്. രക്തത്തിൽ പഞ്ചസാര കുറഞ്ഞതിന്റെ പ്രശ്നങ്ങളാണെന്നും റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ആന്തരികാവയവങ്ങളിൽ വളരെ മാരകമായ ഒരു രാസവസ്തുവിന്റെ സാന്നിദ്ധ്യം പൊലീസ് കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. നവൽനിയുടെ വിരലുകളിലും വസ്ത്രത്തിലും വ്യാവസായിക രാസവസ്തുവിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതായി ഓംസ്‌കിലെ ആശുപത്രിയിലെ ഡോക്ടറെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

പുട്ടിന്റെ നോട്ടപ്പുള്ളി

റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ കടുത്ത വിമർശകനായ നവൽനിയുടെ ഇപ്പോഴത്തെ അവസ്ഥയ്‌ക്ക് പിന്നിൽ ഭരണകൂടമാണെന്ന് പ്രതിപക്ഷം സംശയം പ്രടിപ്പിക്കുന്നുണ്ട്. പുട്ടിനെ വെല്ലുവിളിക്കുന്നതിന് പുറമേ തന്റെ അഴിമതി വിരുദ്ധ ഫൗണ്ടേഷനിലൂടെ റഷ്യയിലെ രാഷ്‌ട്രീയ ഉദ്യോഗസ്ഥ അഴിമതി തുറന്നു കാട്ടിയ നവൽനി പലരുടെയും നോട്ടപ്പുള്ളിയാണ്. രണ്ട് വർഷം മുമ്പ് ഒരു സംഘം അദ്ദേഹത്തെ ആക്രമിക്കുകയും മുഖത്ത് രാസവസ്തു എറിയുകയും ചെയ്‌തതിൽ ഒരു കണ്ണിന് തകരാറ് പറ്റിയിരുന്നു. നിരവധി തവണ അദ്ദേഹത്തെ അറസ്റ്റ് ചെയ്‌ത് ജയിലിൽ അടച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ജയിലിൽ നിന്ന് അദ്ദേഹത്തെ ആശുപത്രിയിലാക്കിയിരുന്നു. അന്നും വിഷബാധ സംശയിച്ചിരുന്നു. പുട്ടനുമായി അടുപ്പമുള്ള ഒരു ബിസിനസ്‌കാരൻ ഭീമമായ തുകയ്‌ക്കുള്ള കേസ് ഫയൽ ചെയ്‌ത് നവൽനിയുടെ അഴിമതിവിരുദ്ധ ഫൗണ്ടേഷൻ പൂട്ടിച്ചിരുന്നു. 2018 പുട്ടിനെതിരെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അദ്ദേഹത്തിന് വിലക്ക് കൽപ്പിച്ചിരുന്നു.

 ജീവനക്കാരൻ അപ്രത്യക്ഷനായി

വിമാനത്താവളത്തിൽ വച്ച് നവൽനിക്ക് ചായ നൽകിയ കോഫി ഷോപ്പ് ജീവനക്കാരൻ അപ്രത്യക്ഷനായതും സംശയം വർദ്ധിപ്പിക്കുന്നുണ്ട്. വ്യാഴാഴ്ച തന്നെ പൊലീസ് കോഫി ഷോപ്പ് അടപ്പിച്ചിരുന്നു.