ന്യൂഡൽഹി : മുമ്പ് പരമോന്നത കായിക പുരസ്കാരമായ രാജീവ് ഗാന്ധി ഖേൽരത്ന നേടിയിരുന്ന ഗുസ്തി താരം സാക്ഷി മാലിക്കിനെയും വെയ്റ്റ് ലിഫ്റ്റിംഗ് താരം മീരാഭായ് ചാനുവിനെയും ഇത്തവണത്തെ അർജുന അവാർഡിനുള്ള ശുപാർശപ്പട്ടികയിൽ നിന്ന് കേന്ദ്ര കായിക മന്ത്രാലയം വെട്ടിമാറ്റി. ഇവർ ഉൾപ്പടെ 29 പേരുടെ പട്ടികയാണ് തിങ്കളാഴ്ച ചേർന്ന റിട്ട.സുപ്രീം കോടതി ജസ്റ്റിസ് മുകുന്ദകം ശർമ്മയുടെ അദ്ധ്യക്ഷതയിലുള്ള സെലക്ഷൻ കമ്മിറ്റി അർജുന അവാർഡിനായി സമർപ്പിച്ചിരുന്നത്. ഇന്നലെ ബാക്കി 27 പേർക്കും അവാർഡ് പ്രഖ്യാപിച്ച കേന്ദ്ര കായിക മന്ത്രി ഇക്കുറി അഞ്ചുപേർക്ക് ഖേൽരത്നയും 13പേർക്ക് ദ്രോണാചാര്യയും സമ്മാനിക്കാനുള്ള ശുപാർശയും അംഗീകരിച്ചു.
സാധാരണ നൽകുന്നതിന്റെ ഇരട്ടിയിലധികം പേർക്ക് അർജുന,ദ്രോണാചാര്യ പുരസ്കാരങ്ങൾ നൽകിയെങ്കിലും അക്കൂട്ടത്തിൽ ഒരു മലയാളിയെപ്പോലും ഉൾപ്പെടുത്തിയിട്ടില്ല. ഇക്കുറി അർജുന പ്രതീക്ഷിച്ചിരുന്ന ഏഷ്യൻ ഗെയിംസ് മെഡലിസ്റ്റ് പി.യു ചിത്ര,ബാഡ്മിന്റൺ താരം എച്ച്.എസ് പ്രണോയ് എന്നിവരെ ശുപാർശപ്പട്ടികയിൽ നിന്നേ ഒഴിവാക്കിയപ്പോൾ 2000ത്തിലെ സിഡ്നി ഒളിമ്പിക്സിൽ ഇന്ത്യൻ റിലേ ടീമിൽ മത്സരിച്ച ജിൻസി ഫിലിപ്പിന് ലൈഫ് ടൈം അച്ചീവ്മെന്റായ ധ്യാൻ ചന്ദ് പുരസ്കാരം നൽകിയതാണ് ഏക ആശ്വാസം.
ഉയർന്ന പുരസ്കാരം നേടിയ ശേഷം താഴെയുള്ള പുരസ്കാരത്തിന് സാക്ഷിയും ചാനുവും അപേക്ഷിച്ചപ്പോഴേ വിവാദം ഉയർന്നിരുന്നു. ഇതുവരെ ഖേൽരത്ന നേടിയ ശേഷം ആർക്കും അർജുന നൽകിയിട്ടില്ല. എന്നാൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗും മുൻ ഹോക്കി ക്യാപ്ടൻ സർദാർ സിംഗുമൊക്കെയടങ്ങിയ സെലക്ഷൻ കമ്മിറ്റി ഇരുവരുടെയും പേര് ശുപാർശപ്പട്ടികയിൽ ഉൾപ്പെടുത്തുകയായിരുന്നു. ഇതാണ് മന്ത്രി ഒഴിവാക്കിയത്. അഞ്ചുപേർക്ക് ഖേൽരത്ന നൽകുന്നതും ഇതാദ്യമാണ്. ക്രിക്കറ്റ് താരം രോഹിത് ശർമ്മ, ടേബിൾ ടെന്നിസ് താരം മണിക ബത്ര,ഗുസ്തി താരം വിനേഷ് ഫോഗാട്ട്, ഹോക്കി താരം റാണി രാംപാൽ , പാരാ ഒളിമ്പിക്സ് മെഡലിസ്റ്റ് മാരിയപ്പൻ തങ്കവേലു എന്നിവർക്കാണ് ഖേൽരത്ന പുരസ്കാരം.
അർജുന ശുപാർശ ലഭിച്ചവർ
ഇശാന്ത് ശർമ്മ,അതാനു ദാസ്,ദീപക് ഹൂഡ,ദീപിക താക്കൂർ,ദ്വിജ് ശരൺ,മീരാഭായ് ചാനു,സാക്ഷി മാലിക്ക്, ആകാശ് ദീപ് സിംഗ്,ലവ്‌ലിന ബോറോഗെയ്ൻ,മനു ഭാക്കർ,സൗരഭ് ചൗധരി,മനീഷ് കൗശിക്ക്, സന്ദേശ് ജിംഗാൻ, ദത്തു ഭൊക്കനാൽ, രാഹുൽ അവാരെ,ദ്യുതി ചന്ദ്,ദീപ്തി ശർമ്മ,ശിവ കേശവൻ ,മധുരിക പത്കർ,മനീഷ് നർവാൾ,സന്ദീപ് ചൗധരി,സുയാഷ് യാദവ്,ചിരാഗ് ഷെട്ടി,സ്വാത്വിക് സായ്‌രാജ്,വിശേഷ് ഭാർഗുവംശി,അജയ് സാവന്ത്,അതിഥി അശോക്,സരിക കാലെ,ദിവ്യ കാക്കരൺ.
സെലക്ഷൻ കമ്മറ്റി
റിട്ട.സുപ്രീം കോടതി ജഡ്ജി മുകുന്ദകം ശർമ്മ(ചെയർപേഴ്സൺ),വിരേന്ദർ സെവാഗ്, സർദാർ സിംഗ്,മൊണാലിസ ബറുവ,ദീപ മാലിക്ക്,വെങ്കിടേശൻ ദേവരാജൻ, നീരു ഭാട്യ,മനീഷ് ബദവിയ,അലോക് സിൻഹ.
819
അപേക്ഷകളാണ് ഇക്കുറി അർജുന അവാർഡിനായി ലഭിച്ചത്. 33 കായിക ഇനങ്ങളിൽ നിന്നാണ് ഇത്രയും അപേക്ഷകർ.ഇതിൽ ഒളിമ്പിക് സ്പോർട്സ് ഇനങ്ങൾ 22 എണ്ണമാണ്.107 പേർ അത്‌ലറ്റിക്സിൽ നിന്ന് മാത്രം അപേക്ഷിച്ചു.ഹോക്കിയിൽ നിന്ന് 87 പേരും ക്രിക്കറ്റിൽ നിന്ന് 55 പേരും. ലോക്ക്ഡൗൺ കാരണം ഫെഡറേഷനുകളുടെ ശുപാർശയ്ക്കൊപ്പം സ്വന്തം നിലയിൽ ഒാൺലൈനായി അപേക്ഷിക്കാൻ അനുമതി നൽകിയതും എണ്ണം കൂടാൻ കാരണമായി.