മുംബയ്: നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങൾ പുറത്ത്. സുശാന്തിന്റെ സുഹൃത്ത് റിയ ചക്രബർത്തിയും സംവിധായകൻ മഹേഷ് ഭട്ടും തമ്മിലുളള വാട്ട്സാപ്പ് സന്ദേശങ്ങളുടെ പുതിയ വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിട്ടുളളത്. ഇരുവരും തമ്മിൽ നടത്തിയ സ്വകാര്യ സംഭാക്ഷണത്തിന്റെ വിവരങ്ങൾ കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ സ്വകാര്യ വാട്ട്സാപ്പ് സന്ദേശങ്ങൾ പുറത്ത് വരുന്നത്.
ജൂൺ 14 നായിരുന്നു സുശാന്ത് ആത്മഹത്യ ചെയ്യുന്നത്. ജൂൺ 9നും 15നും ഇടയിൽ റിയയും മഹേഷ് ഭട്ടും നടത്തിയ സ്വകാര്യ വാട്ട്സാപ്പ് ചാറ്റിന്റെ വിശദാംശങ്ങളാണ് ഇപ്പോൾ പുറത്തായിട്ടുളളത്. "എന്റെ മാലാഖയില്ലാതെ ഞാൻ എന്ത് ചെയ്യും, ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. നിങ്ങൾ എന്നെ വീണ്ടും രക്ഷിച്ചു" എന്ന വാട്ട്സാപ്പ് മെസേജാണ് 9ാം തീയതി റിയ മഹേഷിന് അയച്ചത്. മഹേഷ് ഇതിന് മറുപടിയായി പ്രണയത്തിന്റെ ഇമോജി മാത്രമാണ് അയച്ചത്. ജൂൺ 10ന് മഹേഷ് ഭട്ട് ഒരു ഫോർവേർഡ് മെസേജ് അയച്ചുവെങ്കിലും റിയ ഇതിന് മറുപടി നൽകിയിരുന്നില്ല. അടുത്ത ദിവസം മഹേഷ് ഭട്ടിൽ നിന്നും വീണ്ടും ഒരു മെസേജ് "ചിലപ്പോഴോക്കെ സത്യം തിരിച്ചറിയാൻ ഒരു പടി പിന്നോട്ട് പോകണം, പിന്നെയും അടുത്ത പടി പിന്നോട്ട് പോകണം" ഒരു വൃദ്ധ കണ്ണാടിയിലൂടെ നോക്കുമ്പോൾ യുവതിയായി കാണപ്പെടുന്ന ചിത്രത്തിനൊപ്പമായിരുന്നു മഹേഷിന്റെ ഈ മെസേജ്. വളരെ സത്യമാണെന്നായിരുന്നു ഇതിന് റിയയുടെ മറുപടി.
സുശാന്ത് മരണപ്പെടുന്ന ജൂൺ 14ാം തീയതി രാവിലെ റിയ മഹേഷ് ഭട്ടിന് സന്ദേശമയച്ചിരുന്നു. "നിങ്ങൾ രാവിലെ ആയയ്ക്കുന്ന സന്ദേശമാണ് എനിക്ക് കൂടുതൽ ഊർജ്ജം നൽകുന്നത്. ഇക്കാരണത്താൽ ഞാൻ നിങ്ങളെ ഏറെ ഇഷ്ടപ്പെടുന്നു." എന്നായിരുന്നു റിയയുടെ സന്ദേശം. ഇതിന് മഹേഷ് നൽകിയ മറുപടി " കാറ്റുള്ള ആകാശത്ത് മേഘങ്ങൾ പോലെ വികാരങ്ങൾ വന്നു പോകുന്നു." ലൗ യു മെെ എയിഞ്ചൽ എന്നായിരുന്നു ഇതിന് റിയയുടെ മറുപടി. ജൂൺ 14 ന് ഉച്ചയ്ക്ക് 2.35 ഓടെ, തന്നെ വിളിക്കാൻ റിയയോട് ഭട്ട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് റിയയുടെ ഫോണിൽ രണ്ട് മിസ്ഡ് കോളുകൾ ഭട്ടിൽ നിന്ന് വരികയും ചെയ്തു. സുശാന്ത് സിംഗ് മരിച്ചതിന് ശേഷം ജൂൺ 15ന് മഹേഷ് റിയയുടെ ഫോണിലേക്ക് ഒരു ഫോർവേഡ് മെസേജ് അയച്ചതായും കാണപ്പെടുന്നു.