ബെംഗളൂരു: കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ക്ഷേതരത്തിലേക്ക് തള്ളിക്കയറി സംഘർഷമുണ്ടാക്കിയ സംഭവത്തിൽ 50 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കർണാാടകയിലെ കോപ്പൽ കുസ്തിഗിയിലുള് ദോട്ടിഹാൽ ഗ്രാമത്തിലെ ക്ഷേത്രത്തിലാണ് രഥ പൂജയ്ക്കിടെ ഉന്തും തള്ളും സംഘർഷവുമുണ്ടായത്. സ്ഥലത്തെ തഹസിൽദാരുടെ അനുമതിയോടെ 50ൽ താഴെ ആളുകളെ ഉൾപ്പെടുത്തിയാണ് രഥ പൂജ സംഘടിപ്പിച്ചത്. എന്നാൽ, പൂജയ്ക്കിടെ ഗ്രാമത്തിൽ നിന്നും സംഘടിച്ചെത്തിയവർ ക്ഷേത്രത്തിന്റെ വാതിൽ തള്ളിത്തുറന്ന് രഥം പുറത്തെടുക്കാൻ ശ്രമിച്ചു. ഇത് സ്ഥലത്ത് സംഘർഷത്തിനു കാരണമായി. ഉടൻ പൊലീസെത്തി പൊതുജനത്തെ പിരിച്ചുവിടുകയും കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചവർക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യുകയുമായിരുന്നു. സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കൂടുതൽ പേർ പിടിയിലാകാനുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർണാടകയിൽ മതപരമായ ചടങ്ങുകൾക്കും പൊതു സമ്മേളനങ്ങൾക്കും നിയന്ത്രണങ്ങളുണ്ട്.