caste-discrimination

ഭുവനേശ്വർ: പൂവ് കണ്ടാൽ മോഹിക്കാത്തവരുണ്ടോ? കുട്ടികളാണെങ്കിൽ പിന്നെ പറയുകയും വേണ്ട. എന്നാൽ, ഒരു പതിനഞ്ചുകാരി അറിയാതെ പൂ പറിച്ചതുകൊണ്ട് 40 കുടുംബങ്ങൾക്കാണ് ഊരുവിലക്ക് കിട്ടിയത്. സംഭവം ഒഡീഷയിലെ ദേനാങ്കലിൽ കാന്തിയോ കട്ടേനി എന്ന ഗ്രാമത്തിലാണ്. മേൽജാതിക്കാരന്റെ വീട്ടിൽ നിന്ന പൂവ് താഴ്ന്ന ജാതിക്കാരിയായ പെൺകുട്ടി പറിച്ചെടുത്തു. ഇതറിഞ്ഞ ഗ്രാമത്തിലെ ഉന്നതന്മാർ ചേർന്ന് അവളുടെ സമുദായത്തെ മുഴുവൻ ഊരുവിലക്കി. മകൾ പൂ പൊട്ടിച്ചതറിഞ്ഞയുടൻ മാതാപിതാക്കൾ ചെന്ന് ആ വീട്ടുകാരോട് മാപ്പു പറഞ്ഞതാണ്. എന്നിട്ടും പഞ്ചായത്ത് വിളിച്ചുകൂട്ടി ഊരുവിലക്കുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ഇരു സമുദായങ്ങൾ തമ്മിലുള്ള സംഘർഷത്തിനും ഈ സംഭവം കാരണമായി. 800 കുടുംബങ്ങൾ താമസിക്കുന്ന ഗ്രാമത്തിൽ 40 കുടുംബങ്ങൾ പട്ടികജാതിക്കാരാണ്. ഇവർക്കാണ് ഊരുവിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. മറ്റുള്ള കുടുംബക്കാർക്ക് ഇവരോട് സംസാരിക്കാനും അനുവാദമില്ല. അവശ്യ സാധനങ്ങൾ വാങ്ങാൻ പോകാനോ പൊതുവഴി ഉപയോഗിക്കാനോ ഒന്നും ഇവർക്ക് അനുവാദമുണ്ടാകില്ല.

ഗ്രാമ അംഗങ്ങളുടെ തീരുമാനം ഗ്രാമമുഖ്യൻ അംഗീകരിക്കുകയായിരുന്നുവെന്നും അവർ ചെയ്ത തെറ്റിനുള്ള ശിക്ഷയാണ് ലഭിക്കുന്നതെന്നുമാണ് ഗ്രാമത്തിലെ പ്രമുഖർ നൽകുന്ന വിശദീകരണം. എന്നാൽ ഇതു സംബന്ധിച്ച് സമുദായക്കാർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.