pic

ആലപ്പുഴ: കായംകുളത്ത് സി.പി.എം നേതാവ് സിയാദ് കൊല്ലപ്പെട്ട സംഭവത്തിൽ പാർട്ടി നേത‌ൃത്വത്തെ തളളി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ. കൊലപാതകത്തിന് പിന്നിൽ കോൺഗ്രസിന്‍റെ കൊട്ടേഷൻ സംഘമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ ആരോപിച്ചിരുന്നു. എന്നാൽ സംസ്ഥാന സെക്രട്ടറിയുടെ ഈ വാദം തളളി മാഫിയ സംഘത്തിന്‍റെ പ്രവർത്തനങ്ങൾ ചോദ്യം ചെയ്തതിനാണ് സിയാദിനെ വകവരുത്തിയത് എന്ന് സുധാകരൻ പറഞ്ഞു.

സിയാദിന്റെ കൊലപാതകം കോൺഗ്രസ് നേതൃത്വത്തിന്‍റെ അറിവോടെയാണെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നത്. ഈ വാദം തിരുത്തിയാണ് മന്ത്രി ജി.സുധാകരൻ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. അതേസമയം, കേസിലെ മുഖ്യപ്രതിയെ സഹായിച്ചതിന് അറസ്റ്റിലായ കോൺഗ്രസ് നേതാവ് നിസാമിന് ജാമ്യം കിട്ടിയത് പൊലീസിന്‍റെ വീഴ്ചയാണെന്നും സുധാകരൻ പറഞ്ഞു. ഇക്കാര്യം സർക്കാർ പരിശോധിക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.സിയാദിന്‍റേത് രാഷ്ട്രീയ കൊലപാതകമല്ലെന്ന് പൊലീസും വ്യക്തമാക്കിയിട്ടുണ്ട്.കേസിൽ അറസ്റ്റിലായ മുഖ്യപ്രതി മുജീബിനെ റിമാൻഡ് ചെയ്തു. രണ്ടാം പ്രതി ഷഫീകിനെ നാളെ കോടതിയിൽ ഹാജരാക്കും.ഗുണ്ടാ വിളയാട്ടം ചോദ്യം ചെയ്തതിലുളള വ്യക്തി വിരോധമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിട്ടുളളത്.