തിരുവനന്തപുരം : അർജുനയിലും ദ്രോണാചാര്യയിലുമെല്ലാം മലയാളിസ്പർശം അന്യമായപ്പോൾ കേന്ദ്ര കായിക പുരസ്കാരങ്ങളിൽ കേരളത്തിന് ആശ്വാസകിരണമായത് ജിൻസി ഫിലിപ്പിന്റെ ധ്യാൻചന്ദ് പുരസ്കാരമാണ്. ഒളിമ്പിക്സിൽ ഉൾപ്പടെ ഇന്ത്യയ്ക്കായി ഒാടിയ ജിൻസി ബുസാൻ ഏഷ്യൻ ഗെയിംസിൽ സ്വർണമെഡലും ബാങ്കോക്ക് ഏഷ്യൻ ഗെയിംസിൽ വെള്ളിയും നേടിയ ഇന്ത്യൻ റിലേ ടീമിൽ അംഗമായിരുന്നു. എന്നാൽ ട്രാക്കിൽ തിളങ്ങിനിന്ന സമയത്ത് പുരസ്കാരവേദിയിൽ തഴയപ്പെട്ട ജിൻസിയെത്തേടി ഒളിമ്പിക്സിലോടി രണ്ട് പതിറ്റാണ്ടിന് ശേഷം ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് എത്തുകയാണ്.
ട്രാക്കിനോടുള്ള അടങ്ങാത്ത താത്പര്യമാണ് ജിൻസിയെ അത്‌ലറ്റാക്കി മാറ്റിയത്. സ്കൂൾ തലം മുതൽ ഒാട്ടത്തിലും ചാട്ടത്തിലും മികവുകാട്ടിയ ജിൻസി കോരുത്തോട് സി.കെ കേശവൻ മെമ്മോറിയൽ സ്കൂളിൽ തോമസ് മാഷിന്റെ ശിക്ഷണത്തിലാണ് ട്രാക്കിലേക്ക് ഇറങ്ങിയത്.തൃശൂർ വിമലകോളേജിൽ ടി.പി ഒൗസേഫിന്റെയും ശിഷ്യയായിരുന്നു. സി.ആർ.പി.എഫിൽ ജോലി ലഭിച്ച ശേഷമാണ് 1997 ൽ ഇന്ത്യൻക്യാമ്പിലേക്ക് എത്തുന്നത്. ഇതോടെയാണ് 400 മീറ്ററിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും റിലേ ടീമിൽ സ്ഥിരസാന്നിദ്ധ്യമാകുന്നതും.
1998ലെ ബാങ്കോക്ക് ഏഷ്യൻ ഗെയിംസിൽ വെള്ളി നേടിയ ഇന്ത്യൻ ടീമിൽ ജിൻസിയാണ് ആദ്യ ലാപ്പ് ഒാടിയത്. കെ.എം ബീനമോൾ, ജ്യോതിർമയ് സിക്ദർ, റോസക്കുട്ടി എന്നിവരായിരുന്നു മറ്റ്ടീമംഗങ്ങൾ. ബീനമോൾ,പരംജീത് കൗർ,റോസക്കുട്ടി എന്നിവർക്കൊപ്പമാണ് സിഡ്നിയിൽ 4x400 മീറ്റർ റിലേയിൽ ജിൻസി മത്സരിച്ചത്. അന്ന് ഹീറ്റ്സിൽ അഞ്ചാം സ്ഥാനത്താവുകയായിരുന്നു ഇന്ത്യൻ ടീം.എന്നാൽ രണ്ട് വർഷത്തിന് ശേഷം നടന്ന ബുസാൻ ഏഷ്യൻ ഗെയിംസിൽ ജിൻസിയും ബീനാമോളും മൻജീത്കൗറും സോമാ ബിശ്വാസും ചേർന്ന് സ്വർണം തന്നെ നേടിയെടുത്തു.
ട്രാക്കിൽ നിന്നുതന്നെയാണ് ജിൻസി തന്റെ ജീവിതപങ്കാളിയെയും കണ്ടെത്തിയത്. 400 മീറ്റർ റിലേയിൽ ഇന്ത്യയ്ക്കായി നിരവധി മെഡലുകൾ നേടിയിട്ടുള്ള രാമചന്ദ്രനാണ് ജിൻസിയുടെ ഭർത്താവ്.2003ലാണ് വിവാഹിതരായത്. ഇവർക്ക് മൂന്ന് മക്കൾ.അഭിഷേക് ,അതുല്ല്യ,ഏയ്ബൽ. ബാങ്കോക്ക് ഏഷ്യൻ ഗെയിംസിൽ രാമചന്ദ്രൻ അംഗമായിരുന്ന റിലേ ടീമിനും വെള്ളി ലഭിച്ചിരുന്നു. 1999ലെ സാഫ് ഗെയിംസിലും ഇരുവർക്കും വെള്ളി. ബുസാനിൽ ജിൻസി സ്വർണം നേടിയപ്പോൾ രാമചന്ദ്രനും ടീമിനും വെള്ളി.
അത്‌ലറ്റിക്സിനോടുള്ള അടങ്ങാത്ത ആവേശംകൊണ്ട് സി.ആർ.പി.എഫ് ഡെപ്യൂട്ടി കമൻഡാന്റ് പദവിയിൽ നിന്ന് ഡെപ്യൂട്ടേഷൻ വാങ്ങി സ്പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യയിൽ കോച്ചായി സേവനം അനുഷ്ഠിക്കുകയാണിപ്പോൾ. ആദ്യം തൃശൂർ സായ്‌യിലായിരുന്നു . ഇപ്പോൾ കാര്യവട്ടം എൽ.എൻ.സി.പി.ഇയിൽ പരിശീലനം നൽകുന്നു.കസ്റ്റംസിൽ സൂപ്രണ്ടായ രാമചന്ദ്രൻ ഇപ്പോൾ തിരുവനന്തപുരം വിമാനത്താവളത്തിലാണ് ജോലി നോക്കുന്നത്.