vit

ചെന്നൈ: ഷാങ്‌ഹായ് റാങ്കിംഗ് കൺസൾട്ടൻസി സ്ഥാപനം തയ്യാറാക്കിയ അക്കാഡമിക് റാങ്കിംഗ് ഒഫ് വേൾഡ് യൂണിവേഴ്‌സിറ്റീസ് (എ.ആർ.ഡബ്ള്യു.യു - 2020) പട്ടികയിൽ വെല്ലൂർ ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിക്ക് (വി.ഐ.ടി) മികച്ച നേട്ടം. 801-900 റാങ്ക് വിഭാഗത്തിലാണ് ഇക്കുറി വി.ഐ.ടി ഇടംപിടിച്ചത്. കഴിഞ്ഞവർഷം റാങ്കിംഗ് 901-1,000 ആയിരുന്നു.

ഷാങ്ഹായ് റാങ്കിംഗ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച പട്ടികപ്രകാരം ലോകത്തെ ഏറ്റവും മികച്ച ആയിരം സർവകലാശാലകളിൽ ഇന്ത്യയിൽ നിന്ന് ഇടംനേടിയ ഏക സ്വകാര്യ സർവകലാശാലയാണ് വി.ഐ.ടി. ഇതിനുപുറമേ, ഇന്ത്യയിലെ ഏറ്റവും മികച്ച 15 സർവകലാശാലകളിൽ നിന്ന് തിരഞ്ഞെടുത്ത ടോപ് 9 പട്ടികയിലും വി.ഐ.ടി സ്ഥാനം നേടി.

വി.ഐ.ടിയിലെ ഫാക്കൽറ്റി, ഗവേഷകർ, വിദ്യാർത്ഥികൾ എന്നിവരുടെ ആത്മസമർപ്പണവും ഉന്നത പഠന, അടിസ്ഥാനസൗകര്യ നിലവാരവുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് ചാൻസലർ ഡോ.ജി. വിശ്വനാഥൻ പറഞ്ഞു. 2003 മുതലാണ് എ.ആർ.ഡബ്ള്യു.യു റാങ്കിംഗ് പുറത്തുവിട്ടുതുടങ്ങിയത്. കേന്ദ്രസർക്കാരിന്റെ ഇൻസ്‌റ്റിറ്റ്യൂഷൻ ഒഫ് എമിനെൻസിന്റെ അംഗീകാരമുള്ള ഏജൻസിയാണിത്.