joe-biden

വിൽമിംഗ്ടൺ : കൊവിഡ് മഹാമാരിയും സാമ്പത്തിക തകർച്ചയും രാജ്യത്തിനേൽപ്പിച്ച ആഴത്തിലുള്ള മുറിവുകൾ, അമേരിക്കക്കാരെ ഒത്തൊരുമയോടെ ചേർത്തുനിറുത്തി ഭേദമാക്കുമെന്ന് ശപഥമെടുക്കുന്നതായി ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡൻഷ്യൽ സ്ഥാനാർത്ഥിയായ ജോ ബൈഡൻ. ട്രംപ് ഇനിയും നാല് വർഷം കൂടി ഭരണത്തിലെത്തിയാൽ രാജ്യത്ത് ഭയവും വിദ്വേഷവും കുത്തിവയ്ക്കുമെന്നും ബൈഡൻ മുന്നറിയിപ്പ് നൽകി.

താൻ പ്രകാശത്തിന്റെ തോഴനാകുമെന്നും ഇരുട്ടിന്റേതാകില്ലെന്നും ബൈഡൻ പറഞ്ഞു. നാല് ദിവസം നീണ്ടു നിന്ന ഡെമോക്രാറ്റിക് നാഷണൽ കൺവെൻഷന് അന്ത്യം കുറിച്ചാണ് ബൈഡന്റെ പ്രസ്താവന. ബൈഡന്റെ സ്വദേശമായ ഡെലാവറിലെ വിൽമിംഗ്ടണിൽ നടന്ന വെർച്വൽ യോഗത്തിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡൻഷ്യൽ സ്ഥാനാർത്ഥി സ്ഥാനം ഔദ്യോഗികമായി ഏറ്റെടുത്തുകൊണ്ട് അഞ്ച് ദശാബ്ദം നീണ്ട തന്റെ രാഷ്ട്രീയ ജീവിതത്തെ മുൻ നിറുത്തിയാണ് 77 കാരനായ ബൈഡൻ അണികളെ അഭിസംബോധന ചെയ്തത്.

താൻ എല്ലാ അമേരിക്കക്കാരുടെ പ്രതിനിധിയാണെന്നും തന്നെ പിന്തുണയ്ക്കാത്തവർക്ക് വേണ്ടി പോലും കഠിനമായ പ്രവർത്തിക്കാൻ തയാറാണെന്നും, തന്നെ പിന്തുണയ്ക്കുന്നവരോട് മാത്രം ചായ്‌വുള്ള ട്രംപിനെ പോലെയല്ല താനെന്നും മുൻ സെനറ്ററും യു.എസ് വൈസ് പ്രസിഡന്റുമായ ബൈഡൻ പറഞ്ഞു. ട്രംപ് തന്റെ കൃത്യം നിർവഹിക്കുന്നതിലും രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കുന്നതിലും പരാജയപ്പെട്ടതായും ബൈഡൻ ചൂണ്ടിക്കാട്ടി. 1972ൽ ഡെലാവെയറിൽ നിന്നും സെനറ്ററായി തിരഞ്ഞെടുക്കപ്പെട്ട ബൈഡൻ അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ആറാമത്തെ സെനറ്ററാണ്. 2009ൽ ബറാക് ഒബാമയുടെ കാലത്ത് ബൈഡൻ വൈസ് പ്രസിഡന്റായി.