കയ്പമംഗലം: പെരിഞ്ഞനം മൂന്നുപീടികയിലെ ജുവലറിയിൽ വൻ കവർച്ച. ജുവലറിയുടെ ഭിത്തി തുരന്ന് രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന മൂന്നേകാൽ കിലോ സ്വർണാഭരണങ്ങൾ കവർന്നു. മൂന്നുപീടിക തെക്ക് ഭാഗത്ത് പടിഞ്ഞാറെ വശത്ത് പ്രവർത്തിക്കുന്ന ഗോൾഡ് ഹാർട്ട് ജുവലറിയിലാണ് മോഷണം നടന്നത്. രാവിലെ പത്തോടെ ജുവലറി തുറക്കാൻ ഉടമ സലീമും മാനേജർ മുഹമ്മദ് കോയയും എത്തിയപ്പോഴാണ് മോഷണ വിവരം ആദ്യം അറിയുന്നത്. ഉടൻ കയ്പമംഗലം പൊലീസിനെ വിവരം അറിയിച്ചു.
കയ്പമംഗലം എസ്.ഐ കെ.എസ്.സുബിന്തിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സംഭവ സ്ഥലത്തെത്തി. ജുവലറിയുടെ തെക്കു വശത്തെ ഗോവണിയോടു ചേർന്ന ഭിത്തി തുരന്നാണ് മോഷ്ടാക്കൾ അകത്ത് കടന്നിട്ടുള്ളത്. ജുവലറിക്കകത്ത് അണ്ടർ ഗ്രൗണ്ടിലുള്ള രഹസ്യ അറ തുറന്നാണ് സ്വർണം മോഷ്ടിച്ചിരിക്കുന്നത്. ജുവലറി ഉടമ സലിമും, ഒരു ജീവനക്കാരനും മാത്രമാണ് കടയിലുണ്ടാകാറുള്ളത്.
കൊവിഡ് കാലമായതിനാൽ എല്ലാ ദിവസവും ആറ് മണിയോടെ ജുവലറി അടയ്ക്കും. എന്നാൽ ഒരു കസ്റ്റമർ വരാനുള്ളത് കൊണ്ട് വ്യാഴാഴ്ച രാത്രി പത്തോടെയാണ് ജുവലറി പൂട്ടിയത്. ജുവലറിക്കകത്ത് മോഷ്ടാക്കൾ തെളിവുകൾ നശിപ്പിക്കുന്നതിനായി മുളക്പൊടി വിതറിയിട്ടുണ്ട്. ദേശീയപാതയോട് ചേർന്നുള്ള ജുവലറിയുടെ വലത് വശം പുല്ലുകൾ നിറഞ്ഞ് കാട് പിടിച്ച് കിടക്കുന്ന പാടമാണ്. ഈ ഭാഗത്ത് കൂടെയാകാം മോഷ്ടാക്കൾ എത്തി ഭിത്തി തുരന്നിട്ടുള്ളതെന്ന് സംശയിക്കുന്നു.
രണ്ടടിയോളം വലുപ്പത്തിലാണ് ഭിത്തി തുരന്നിരിക്കുന്നത്. ഡോഗ് സ്ക്വാഡും, വിരലടയാള വിദഗ്ദ്ധരും ,ഫോറൻസ്ക് വിഭാഗവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പൊലീസ് നായ ഹണി ഭിത്തി തുരന്ന ഭാഗത്തു നിന്ന് കാടു പിടിച്ച പാടത്തിലൂടെ മണം പിടിച്ച് തൊട്ടടുത്ത് ഏകദേശം അമ്പതു മീറ്റർ അടുത്തുള്ള ഹോട്ടലിന്റെ മുന്നിൽ വന്നു നിന്നു.
ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഫേമസ് വർഗീസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിൽ 25 അംഗ സ്ക്വാഡിനെ അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് എസ്.പി. ആർ. വിശ്വനാഥൻ പറഞ്ഞു.