തിരുവനന്തപുരം: തിങ്കളാഴ്ച നിയമസഭയിൽ ചർച്ചയ്‌ക്കെടുക്കുന്ന അവിശ്വാസ പ്രമേയം ഇടതു സർക്കാരിന്റെ കഴിഞ്ഞ നാലരവർഷക്കാലത്തെ പ്രവർത്തനങ്ങൾക്കെതിരെയുള്ള കുറ്റപത്രമാക്കാനുള്ള ശ്രമത്തിലാണ് യു.ഡി.എഫ്. സ്വർണക്കടത്ത് കേസ് മുൻനിർത്തിയാണ് സർക്കാരിനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവരുന്നത്. ഈ കേസിൽ നിന്ന് തുടങ്ങിയാവും വി.ഡി സതീശൻ അവിശ്വാസ പ്രമേയം അവതരിപ്പിച്ച് തുടങ്ങുക. ഇവിടെ നിന്ന് കഴിഞ്ഞ നാലര വർഷക്കാലത്തെ സർക്കാരിന്റെ വീഴ്ചകൾ എണ്ണിയെണ്ണി ചൂണ്ടിക്കാട്ടുമെന്ന് വി.ഡി സതീശൻ പറയുന്നു. അവിശ്വാസ പ്രമേയത്തിന്റെ ഫോക്കസ് മുഖ്യമന്ത്രി തന്നെയാണ്. നമ്മൾ ഒരുപാട് മുഖ്യമന്ത്രിമാരെ കണ്ടിട്ടുണ്ട്. അവരിൽ പലരും ആരോപണം കേട്ടിട്ടുണ്ട്. കേരളം അവരെയെല്ലാം വിചാരണ ചെയ്തിട്ടുമുണ്ട്. എന്നാൽ അവരുടെയൊന്നും പ്രതികരണം ഇങ്ങനെയായിരുന്നില്ല. ഒന്നല്ല ഒരു ഡസനോളം അഴിമതികളാണ് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് കിടക്കുന്നതെന്നും പ്രമേയാവതാരകനായ വി.ഡി.സതീശൻ ഫ്ളാാഷിനോട് പറഞ്ഞു.
അവിശ്വാസ പ്രമേയത്തിൽ ഉന്നയിക്കുന്നത്
സ്പ്രിൻക്ലർ, ബെവ്ക്യൂ ആപ്പ്, ഇമൊബിലിറ്റി തുടങ്ങി സർക്കാരിനെതിരായ അഴിമതി ആരോപണങ്ങൾ
കൊവിഡ് പ്രതിരോധത്തിലെ പാളിച്ചകൾ
പദ്ധതി നടത്തിപ്പിലെ പാളിച്ചകൾ
പ്രളയ പുനർനിർമ്മാണത്തിലെ പരാജയം
പ്രളയം ഉണ്ടാകാനുള്ള കാരണം
സർക്കാർ പരാജയപ്പെട്ടത് എവിടെയൊക്കെ
മുഖ്യമന്ത്രിയുടെ ഓഫീസെന്ന വിവാദ കേന്ദ്രം
ദുർബലമായ മന്ത്രിസഭ
പ്രതിപക്ഷ പാർട്ടികളോടും മാദ്ധ്യമങ്ങളോടുമുള്ള സർക്കാർ സമീപനം
സമ്പദ്വ്യവസ്ഥയുടെ തകർച്ച
തയ്യാറെടുപ്പ് ഇങ്ങനെയൊക്കെ
പ്രതിപക്ഷ നേതാവ്, കെ.പി.സി.സി അദ്ധ്യക്ഷൻ, യു.ഡി.എഫിലെ കക്ഷി നേതാക്കൾ എന്നിവരുടെയെല്ലാം വിദഗ്ദ്ധ ഉപദേശം തേടിയാണ് വി.ഡി സതീശൻ അവിശ്വാസ പ്രമേയം തയ്യാറാക്കുന്നത്. പ്രമേയ അവതാരകനായതിനാൽ പല മുതിർന്ന നേതാക്കളും സാധാരണക്കാരായ പ്രവർത്തകരും ഫോണിൽ വിളിച്ച് അവരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും പങ്കുവയ്ക്കുന്നുണ്ടെന്ന് സതീശൻ പറയുന്നു. വിഷയത്തിന്റെ ബാഹുല്യവും സമയക്കുറവുമാണ് നേരിടുന്ന പ്രധാന വെല്ലുവിളി. രണ്ടോ മൂന്നോ ദിവസം കിട്ടേണ്ടയിടത്ത് അഞ്ച് മണിക്കൂർ മാത്രമാണുള്ളത്. കേരള നിയമസഭയുടെ ചരിത്രത്തിൽ ഏറ്റവും കുറവ് സമയമെടുത്ത് ചർച്ച ചെയ്യുന്ന അവിശ്വാസ പ്രമേയമാണ് തിങ്കളാഴ്ച അവതരിപ്പിക്കുന്നത്.
എ.കെ.ജി സെന്റർ തീരുമാനിക്കണ്ട
ജനങ്ങളുടെ പ്രതിഷേധവും അമർഷവും വിഷമങ്ങളും രേഖപ്പെടുത്തുകയാണ് പ്രതിപക്ഷ ധർമ്മമെന്ന് വി.ഡി സതീശൻ പറയുന്നു. കുറ്റക്കാരായ സർക്കാരിനെ വിചാരണ ചെയ്യുകയാണ് ദൗത്യം. വോട്ടെടുപ്പിൽ പങ്കെടുക്കണമോ ബഹിഷ്‌കരിക്കണമോയെന്ന കാര്യം തീരുമാനിച്ചിട്ടില്ല. നിയമസഭയിൽ ഭരണപക്ഷത്തിന്റെ നീക്കങ്ങൾ വീക്ഷിച്ച് അവസാന നിമിഷമായിരിക്കും ഞങ്ങളുടെ നിലപാട് എന്തായിരിക്കുമെന്ന് തീരുമാനിക്കുക.വോട്ടെടുപ്പിൽ കൂടി പങ്കെടുത്തിട്ടേ പോകാവൂവെന്ന് ഇന്നലെ കോടിയേരി പറഞ്ഞിരുന്നു. എ.കെ.ജി സെന്ററിൽ നിന്ന് കിട്ടുന്ന നിർദേശം അനുസരിച്ചല്ല യു.ഡി.എഫിന്റെ ഫ്‌ളോർ മാനേജ്‌മെന്റ്. ഞങ്ങൾ തീരുമാനിക്കുന്നതായിരിക്കും ഞങ്ങളുടെ ഫ്‌ളോർ മാനേജ്‌മെന്റെന്നും അദ്ദേഹം പറഞ്ഞു.
എന്തുകൊണ്ട് വി.ഡി
പിണറായി സർക്കാരിനെതിരെ സഭയ്ക്കകത്തും പുറത്തുമായി ആഞ്ഞടിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന നേതാക്കളിലൊരാളാണ് വി.ഡി സതീശൻ. സ്പ്രിൻക്ലർ തുടങ്ങി കൊവിഡ് കാലത്തെ സർക്കാരിനെതിരായ എല്ലാ ആരോപണങ്ങളിലും വി.ഡി സതീശൻ മുൻനിരയിലുണ്ട്. പ്രളയവുമായി ബന്ധപ്പെട്ട് മാത്രം നാല് അടിയന്തര പ്രമേയങ്ങളാണ് സതീശൻ സഭയിൽ അവതരിപ്പിച്ചത്. സ്വർണക്കടത്ത് വിവാദം ഉണ്ടാകുന്നതിന് മുമ്പ് തന്നെ സ്വർണക്കടത്ത് വലിയ അപകടമാകുമെന്നും കോടിക്കണക്കിന് രൂപയുടെ നികുതി നഷ്ടമുണ്ടാകുമെന്നും മാർച്ച് നാലിന് വി.ഡി സതീശൻ നിയമസഭയിൽ പറഞ്ഞിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കാനുള്ള ചുമതല യു.ഡി.എഫ് സതീശനെ ഏൽപ്പിച്ചത്.