ന്യൂഡൽഹി: ഇന്ത്യയുടെ രഹസ്യങ്ങളിലേക്ക് നുഴഞ്ഞുകയറാനും അതുവഴി ഇന്ത്യയിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്താനുമാണ് അയൽരാജ്യങ്ങളായ ചൈനയും പാകിസ്ഥാനും അവരുടെ ശിങ്കിടികളും ഏറെ നാളുകളായി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ഇനി മുതൽ ഇതിനുള്ള നീക്കങ്ങൾ വില പോകില്ല എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ചൈനയ്ക്കാണ് ഇത് സംബന്ധിച്ച് ഇപ്പോൾ പണി കിട്ടിയിരിക്കുന്നത്.
ചൈനയുടെ സാംസ്‌കാരിക, വ്യാപാര, നയരൂപീകരണ സംഘടനകൾ സാമൂഹിക പ്രവർത്തനം നടത്തുകയാണെന്ന വ്യാജേന വിവിധ രാജ്യങ്ങളിൽ നിന്നും പല വിധേനയും ഏറ്റവും നിർണായകമായ വിവരങ്ങൾ ചോർത്താറുള്ളത് അത്ര രഹസ്യമൊന്നുമല്ല. ഈ രാജ്യങ്ങളിലെ രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിൽ സ്വാധീനം ചെലുത്താനും അതുവഴി ക്രമേണ ഇത്തരം രാജ്യങ്ങളിൽ ചൈനയോട് വിധേയത്വമുള്ള അധികാര കേന്ദ്രങ്ങൾ സൃഷ്ടിക്കുന്നതിനും അധികാരം സ്ഥാപിക്കുന്നതിനും വേണ്ടിയാണ് ചൈന ഇത്തരം 'തിങ്ക് ടാങ്കുകളെ' ഉപയോഗിക്കുന്നത്.
ഇതിനായി അതാത് രാജ്യങ്ങളിലെ സാമൂഹിക സംഘടനകളെയും പൗരന്മാരെയും അവർ നിയോഗിക്കാറുമുണ്ട്. എന്നാൽ ഇത്തരത്തിൽ ചൈന ഇന്ത്യയിലും പിടിമുറുക്കാൻ ആരംഭിച്ചതോടെ രാജ്യത്തെ ഇന്റലിൻജൻസ് ഏജൻസികൾ ഉണർന്ന് പ്രവർത്തിക്കുകയാണ് ഉണ്ടായത്. ചൈനയിലെ ഇത്തരം ഗ്രൂപ്പുകളും ഏതാനും ഇന്ത്യൻ സംഘടനകളുമായുള്ള ബന്ധങ്ങൾ സംബന്ധിച്ച നിർണായക വിവരങ്ങളാണ് ഇപ്പോൾ കേന്ദ്ര ഇന്റലിൻജസ് ഏജൻസികൾക്ക് ലഭിച്ചിരിക്കുന്നത്.
തുടർന്ന്, ചൈനീസ് തിങ്ക് ടാങ്കുകളുമായി ബന്ധമുള്ള ഇന്ത്യൻ സംഘടനകളെ നിരീക്ഷിക്കാനും അവർക്ക് മേൽ കർശനമായ നിയന്ത്രങ്ങൾ കൊണ്ടുവരാനും ഇന്റലിൻജസ് ഏജൻസികൾ ഇപ്പോൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതനുസരിച്ച് ഇത്തരം സംഘടനകളിലെ അംഗങ്ങളായ വിദ്യാർത്ഥികൾ, ഇന്റലക്ച്വലുകൾ, രാഷ്ട്രീയ നേതാക്കൾ, നയരൂപീകരണത്തിൽ സ്വാധീനം ചെലുത്തുന്നവർ, കോർപ്പറേറ്റ് കമ്പനികൾ എന്നിവയ്ക്ക് മേൽ ശക്തമായ നിരീക്ഷണം കൊണ്ടുവരണം എന്നും രാജ്യത്തെ ഇന്റലിൻജസ് ഏജൻസികൾ കേന്ദ്രത്തോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
അത് മാത്രമല്ല ചൈനീസ് തിങ്ക് ടാങ്കുകളുമായി ബന്ധമുള്ള വ്യക്തികൾക്കും സംഘടനാംഗങ്ങൾക്കും കർശനമായ സുരക്ഷാ പരിശോധനകൾക്ക് ശേഷം മാത്രമേ വിദേശ യാത്രയ്ക്കായി വിസകൾ അനുവദിക്കാവൂ എന്നും ഏജൻസികൾ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തോട് പറയുന്നുണ്ട്. ചൈനീസ് ആപ്പുകൾ നിരോധിക്കാനുള്ള നിർണായക തീരുമാനത്തിന് ശേഷം കഴിഞ്ഞ മാസമാണ് ഇന്റലിജൻസ് ഏജൻസികൾ ഇത് സംബന്ധിച്ചുള്ള നിർണായക വിവരങ്ങൾ ശേഖരിക്കുന്നത്. ഈ വിവരങ്ങളുടെ ചുവടുപിടിച്ച് ഇന്ത്യയിലെ ചൈനീസ്/പാകിസ്ഥാൻ സ്വാധീനം പൂർണമായും ഇല്ലാതാക്കാൻ കേന്ദ്രം ലക്ഷ്യമിടുന്നു എന്ന വിവരവും പുറത്തുവരുന്നു.