മുക്കം: സിദ്ധന്റെ നിർദ്ദേശമനുസരിച്ച് നവജാത ശിശുവിന് മുലപ്പാൽ നിഷേധിച്ച അമ്മയെ കോടതി ശിക്ഷിച്ചു. ഓമശ്ശേരി ചക്കാനകണ്ടി ഹഫ്സത്തിനാണ് താമരശ്ശേരി ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 1000 രൂപ പിഴയും കോടതി പിരിയും വരെ തടവ് ശിക്ഷയും വിധിച്ചത്.
സിദ്ധനും കളന്തോട് സ്വദേശിയുമായ മുസ്ത്തരി വളപ്പിൽ ഹൈദ്രോസ് തങ്ങൾ (75), യുവതിയുടെ ഭർത്താവ് ഓമശ്ശേരിചക്കാനകണ്ടി അബൂബക്കർ (31) എന്നിവരെ വെറുതേവിട്ടു. 2016 നവംബർ രണ്ടിനാണ് കേസിനാസ്പദമായ സംഭവം. സ്വകാര്യ ആശുപത്രിയിൽ പ്രസവിച്ച യുവതി അഞ്ചു നേരത്തെ ബാങ്ക് വിളിക്കു ശേഷമേ കുഞ്ഞിന് മുലപ്പാൽ നൽകുകയുള്ളൂവെന്ന നിലപാടിലായിരുന്നു. നവംബർ രണ്ടിന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ജനിച്ച കുഞ്ഞിന് മൂന്നാം തീയതി 12.20 നേ മുലപ്പാൽ നൽകാവൂവെന്ന് സിദ്ധൻ നിർദ്ദേശിച്ചിരുന്നു. പിഞ്ചുകുഞ്ഞിന് മുലപ്പാൽ നിഷേധിച്ചത് വിവാദമായതോടെ ജില്ലാ കളക്ടർ, പൊലീസ്, ബാലാവകാശ കമ്മിഷൻ എന്നിവർ ഇടപെടുകയായിരുന്നു. ആശുപത്രി അധികൃതരുടെ പരാതിയിൽ മുക്കം പൊലീസെടുത്ത കേസിലാണ് കോടതി ശിക്ഷിച്ചത്.