bihar

പാറ്റ്ന : ബീഹാറിലെ മുസഫർപൂരിൽ ഛോട്ടി കൊത്തിയ ഗ്രാമത്തിൽ 65 കാരി 18 മാസത്തിനുള്ളിൽ എട്ട് കുട്ടികളെ പ്രസവിച്ചെന്ന് സർക്കാർ രേഖകൾ. ലീലാ ദേവി എന്ന സ്ത്രീയാണ് 18 മാസത്തിനിടെ എട്ട് കുട്ടികളുടെ അമ്മയായതായി സർക്കാർ രേഖകളിൽ പറയുന്നത്. ദേശീയ ആരോഗ്യ മിഷന്റെ കീഴിലുള്ള ദേശീയ മാതൃഗുണഭോക്തൃ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കാൻ തുടങ്ങിയതോടെയാണ് ലീലാ ദേവിയും ഇക്കാര്യം അറിയുന്നത്.

21 വർഷം മുമ്പാണ് ലീലാ ദേവിയുടെ മകൻ ജനിച്ചത്. പ്രതിമാസം 1400 രൂപയാണ് പദ്ധതി പ്രകാരം ലീലാ ദേവിയ്ക്ക് ലഭിച്ചത്. കഴി‌ഞ്ഞാഴ്ച ആദ്യമായി പദ്ധതി തുക ലഭിച്ചതോടെയാണ് ലീലാ ദേവി അധികൃതരോട് കാര്യം തിരക്കിയത്. രേഖകൾ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. പണം തിരിച്ചു നൽകിയ ലീലാ ദേവി തന്നെ പട്ടികയിൽ നിന്നും ഒഴിവാക്കണമെന്നും വിവരങ്ങൾ തെറ്റാണെന്ന് അറിയിക്കുകയും ചെയ്തു.

ലീലാ ദേവിയ്ക്ക് പുറമേ ജില്ലയിലെ പ്രായമായ 50 ഓളം സ്ത്രീകളാണ് പദ്ധതി ആനുകൂല്യത്തിനുള്ള പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇവരിൽ ചിലരുടെ അക്കൗണ്ടിൽ നിന്നും പണം പിൻവലിച്ചിട്ടുമുണ്ട്. 66 കാരിയായ ശാന്തി ദേവി എന്ന സ്ത്രീ ഒരു ദിവസം 10 മണിക്കൂർ വ്യത്യാസത്തിൽ രണ്ട് കുട്ടികളെ പ്രസവിച്ചെന്ന വിചിത്രമായ രേഖയും കൂട്ടത്തിലുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവിടുത്തെ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കസ്റ്റമർ സർവീസ് പോയിന്റിലെ ജീവനക്കാരൻ സുശീൽ കുമാറാണ് തട്ടിപ്പ് നടത്തിയതെന്നാണ് സൂചന. ആധാറുമായി ബന്ധിപ്പിച്ച അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കുന്നതിന് വിരലടയാളം വേണം. സുശീൽ കുമാർ എങ്ങനെയാണ് വിരലടയാളമുപയോഗിച്ച് അക്കൗണ്ടിൽ നിന്നും പണം പിൻവലിച്ചതെന്ന് വ്യക്തമല്ല. സുശീൽ കുമാർ ഒളിവിലാണ്. പണം തട്ടുന്നതിന് അധികൃതർ നടത്തിയ തിരിമറിയാണോ എന്നും സംശയമുണ്ട്.