ന്യൂഡൽഹി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 62,282 പേരാണ് കൊവിഡ് രോഗമുക്തരായത്. രാജ്യത്ത് ഒറ്റ ദിവസം കൊണ്ട് ഏറ്റവും ഉയർന്ന കൊവിഡ് രോഗമുക്തി രേഖപ്പെടുത്തിയെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ദിനംപ്രതി കൂടുതൽ ആളുകൾ കൊവിഡ് രോഗമുക്തി നേടി ആശുപത്രി വിട്ട് വീടുകളിൽ നിരീക്ഷണത്തിൽ തുടരുന്നുണ്ട്. രാജ്യത്ത് ഇതുവരെ 21,58,946 പേരാണ് കൊവിഡ് രോഗമുക്തി നേടിയത്.
രാജ്യത്തിന്റെ കൊവിഡ് രോഗമുക്തി നിരക്ക് 74 ശതമാനം കഴിഞ്ഞതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 33 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും രോഗമുക്തി നിരക്ക് 50 ശതമാനത്തിൽ കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ മരണനിരക്ക് ആഗോള ശരാശരിയേക്കാൾ കുറവാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നിലവിൽ രാജ്യത്തെ കൊവിഡ് മരണനിരക്ക് 1.89 ആണ്.
രാജ്യത്ത് കൊവിഡ് രോഗമുക്തി നേടുന്നവരുടെ എണ്ണം വർദ്ധിച്ചുവരുന്നതിനോപ്പം രോഗം ബാധിക്കുന്നവരുടെ എണ്ണവും ദിനം പ്രതിവർദ്ധിച്ച് വരികയാണ്.ജൂലായ് 30 മുതൽ ആഗസ്റ്റ് 15 വരെ ഇന്ത്യയിൽ 10 ലക്ഷം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി ആഗസ്റ്റ് 17ന് പുറത്തിറക്കിയ റിപ്പോർട്ടിൽ എസ്.ബി.ഐ പറയുന്നു.