ന്യൂഡൽഹി: ചൈനീസ് ബന്ധമുള്ള ഇന്ത്യയിലെ ചില സംഘടനകൾ ഇന്റലിജൻസ് നിരീക്ഷണത്തിൽ. ഇത്തരം എൻ.ജി.ഒകളുമായി ബന്ധപ്പെട്ട് ഇന്ത്യയിലേക്ക് വരുന്നവർക്ക് വിസ ഉൾപ്പെടെയുള്ളവ അനുവദിക്കുന്നതിൽ നിയന്ത്രണമുണ്ടാകും. സുരക്ഷാ പരിശോധനകൾക്ക് ശേഷം മാത്രമേ നടപടികൾ ഉണ്ടാകൂ.
ചൈനീസ് ബന്ധമുള്ള സാംസ്‌കാരിക- വാണിജ്യ സംഘടനകൾ, വിദ്യാഭ്യാസ വിദഗ്ദ്ധർ, പബ്ലിക് പോളിസി ഗ്രൂപ്പുകൾ എന്നിവയുമായി ബന്ധപ്പെട്ട ആളുകൾക്കാകും വിസ നൽകുന്നതിന് നിയന്ത്രണമേർപ്പെടുത്തുന്നത്. ഇക്കാര്യം അറിയിച്ചുകൊണ്ട് വിവിധ രാജ്യങ്ങളിലെ എംബസികൾക്ക് കേന്ദ്ര വിദേശകാര്യമന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.
മറ്റ് രാജ്യങ്ങളിലേക്ക് ചൈനയുടെ താത്പര്യങ്ങളും ചിന്തകളും എത്തിക്കുകയും ആ രാജ്യങ്ങളിൽ ചൈനയുടെ സ്വാധീനം വർദ്ധിപ്പിക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യമാണ് ഇത്തരം എൻ.ജി.ഒകൾ വഴി നടപ്പിലാക്കുന്നതെന്നാണ് വിവരം. ഇത്തരത്തിൽ നിരവധി സംഘടനകൾ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്.
ഈ സംഘടനകളിൽ ചിലത് ചാരപ്രവർത്തനവുമായി ബന്ധപ്പെട്ട് സംശയ നിഴലിലാണെന്നും ഇന്റലിജൻസ് പറയുന്നു.