ന്യൂഡൽഹി :ബി.ജെ.പി നേതാക്കളുടെ വിദ്വേഷപരമായ പോസ്റ്റുകൾ നീക്കം ചെയ്യാതെ പക്ഷപാതം കാണിക്കുന്നുവെന്ന വിവാദത്തിൽ പ്രതികരണവുമായി ഫേസ്ബുക്ക്. തുറന്നതും സുതാര്യവും പക്ഷപാതമില്ലാത്തതുമായ സ്ഥാപനമാണ് ഞങ്ങളുടേതെന്നാണ് സോഷ്യൽ മീഡിയാ ഭീമനായ ഫേസ്ബുക്കിന്റെ പ്രതികരണം. ' കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, നയങ്ങൾ നടപ്പാക്കുന്നതിൽ ഞങ്ങൾ പക്ഷപാതപരമായി പ്രവർത്തിക്കുന്നതായി ആരോപണം ഉയരുന്നു. ഞങ്ങൾ ഈ ആരോപണങ്ങൾ വളരെ ഗൗരവമായി കാണുന്നു. യാതൊരു തരത്തിലുള്ള തരത്തിലുള്ള വർഗീയതയും വിദ്വേഷവും ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. ഫേസ്ബുക്കിന്റെ നയങ്ങൾ വികസിപ്പിക്കുന്നതിനും അത് നടപ്പാക്കുന്നതിലും വ്യക്തത വരുത്താൻ ഞങ്ങൾ ഈ അവസരം ഉപയോഗപ്പെടുത്തുന്നു. ' ഫേസ്ബുക്ക് ഇന്ത്യയുടെ വൈസ് പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ അജിത് മോഹൻ പ്രസ്താവനയിലൂടെ അറിയിച്ചു.
വിവാദങ്ങൾക്കിടെ ഫേസ്ബുക്കിലെ ഉദ്യോഗസ്ഥർക്കെതിരെ ഉയർന്ന ആരോപണങ്ങൾക്കെതിരെയും ഫേസ്ബുക്ക് പ്രതികരിച്ചു. ഞങ്ങളുടെ ഉദ്യോഗസ്ഥരെല്ലാം അവരുടേതായ ജോലി മാത്രമാണ് ചെയ്യുന്നതെന്നും ഞങ്ങളുടെ നയങ്ങളെ നിക്ഷ്പക്ഷമായ രീതിയിൽ തന്നെയാണ് മറ്റുള്ളവരിലേക്ക് എത്തിക്കുന്നതെന്നും അജിത് മോഹൻ വ്യക്തമാക്കി. ഫേസ്ബുക്ക് ആർ.എസ്.എസിനും ബി.ജെ.പിയ്ക്കും വിദ്വേഷ പ്രചാരണത്തിന് അവസരം നൽകിയെന്നായിരുന്നു ആരോപണം. വിദ്വേഷ പോസ്റ്റുകൾ പങ്കുവയ്ക്കുന്ന ബി.ജെ.പി നേതാക്കൾക്കെതിരെ ഫേസ്ബുക്ക് നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ച് വൻ രാഷ്ട്രീയവിവാദമാണുണ്ടായത്. ഇതിനിടെ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ ബി.ജെ.പിയാണ് സാമൂഹ്യമാദ്ധ്യമങ്ങൾ നിയന്ത്രിക്കുന്നതെന്നാരോപിച്ച് രംഗത്തെത്തിയിരുന്നു.
ബി.ജെ.പി നേതാക്കളുടെ വിദ്വേഷവും വർഗീയതയും നിറഞ്ഞ പോസ്റ്റുകൾ ഫേസ്ബുക്ക് നീക്കം ചെയ്യുന്നില്ലെന്ന് അമേരിക്കൻ മാദ്ധ്യമമായ വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തത് വിവാദങ്ങൾക്ക് ആക്കം കൂട്ടിയിരുന്നു. ഇതിനിടെയാണ് ഇൻഫർമേഷൻ ടെക്നോളജി പാർലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷനായ ശശി തരൂർ ഫേസ്ബുക്കിനോട് സെപ്റ്റംബർ രണ്ടിന് വിശദീകരണം നൽകാൻ ആവശ്യപ്പെട്ടത്. എന്നാൽ തരൂരിന്റെ നീക്കത്തെ ബി.ജെപി എതിർത്തിരുന്നു. ഇതിനെ ചൊല്ലി പോര് മുറുകുന്നതിനിടെയാണ് പ്രതികരണവുമായി ഫേസ്ബുക്ക് എത്തിയിരിക്കുന്നത്.