തെലങ്കാന: നാല് വർഷം മുൻപുവരെ സാധാരണക്കാരിൽ സാധാരണക്കാരിയായിരുന്നു ഗംഗവ്വ മിൽകുറി (57) എന്ന തെലങ്കാന സ്വദേശി. മദ്യപാനിയായ ഭർത്താവിന്റെ ഉപദ്രവങ്ങൾ സഹിച്ച് മൂന്ന് മക്കളെ വളർത്താൻ രാപകൽ കൂലിപ്പണി ചെയ്ത് ജീവിച്ച ഒരു പാവം. എന്നാൽ, ഇന്ന് കഥയാകെ മാറി. ഒന്നര മില്യൺ വ്യൂവേഴ്‌സുള്ള മൈ വില്ലേജ് ഷോ എന്ന യൂട്യൂബ് ചാനലിന്റെ ഭാഗ്യതാരകമാണ് ഗംഗവ്വ.
ഗംഗവ്വയുടെ മരുമകനായ ശ്രീകാന്ത് ശ്രീറാമും അയാളുടെ കൂട്ടുകാരും ചേർന്നാണ് യൂട്യൂബ് ചാനൽ ആരംഭിക്കുന്നത്. ഗംഗവ്വയുടെ ഗ്രാമമായ ലമ്പാടിപള്ളിയിലെ ആളുകളുടെ ജീവിതവും ഗ്രാമത്തിന്റെ ഭംഗിയുമൊക്കെ യൂട്യൂബ് സീരിസിന്റെ മാതൃകയിൽ പകർത്തുകയായിരുന്നു ലക്ഷ്യം. മരുമകന്റെ സംരഭത്തിൽ അഭിനേതാവായി ഗംഗവ്വയും എത്തി. അഭിനയമാണെന്ന് തോന്നാത്ത പ്രകടനമായിരുന്നു അവരുടേത്. പെട്ടെന്ന് തന്നെ ഗംഗവ്വയുടെ ഡയലോഗുകളും കോമഡികളുമെല്ലാം സാമൂഹിക മാദ്ധ്യമങ്ങളിൽ വമ്പൻ ഹിറ്റായി.
തെലുങ്ക് സൂപ്പർതാരങ്ങളായ മഹേഷ് ബാബുവും വിജയ് ദേവർകൊണ്ടയും വരെ ഗംഗവ്വയെ കാണാനെത്തി. 45,000 ഫോളോവേഴ്‌സുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഇവരെ പിന്തുടരുന്നതിലധികവും പ്രമുഖ സിനിമ താരങ്ങളാണ്. ചാനൽ തുടങ്ങിയിട്ട് നാല് വർഷമായി. നിരവധി തെലുങ്ക് ടെലിവിഷൻ സീരിയലുകളിലും ഗംഗവ്വ അഭിനയിച്ചു കഴിഞ്ഞു.
'നമുക്ക് നമ്മുടെ കഴിവിൽ വിശ്വാസമുണ്ടെങ്കിൽ എന്തും സാധിക്കും. എനിക്ക് അഭിനയിക്കാൻ കഴിയും എന്ന് അവസരം വന്നപ്പോൾ ഞാൻ സ്വയം വിശ്വസിപ്പിക്കുകയാണ് ചെയ്തത്. ശ്രീറാമും സുഹൃത്തുക്കളും ഇതൊക്കെ ചെയ്യുന്നതു കണ്ടപ്പോൾ വെറും പാഴ്‌വേലയാണെന്നാണ് കരുതിയത്' - ഗംഗവ്വ പറയുന്നു. എന്താണ് യൂട്യൂബ് എന്നുപോലും അതുവരെ ഗംഗവ്വയ്ക്ക് അറിയില്ലായിരുന്നു. 'കാമറയുടെ മുന്നിൽ നിൽക്കാൻ എനിക്ക് ഇഷ്ടമാണ്, അഭിനയിക്കാനും. ഞാൻ ചെയ്യുന്നത് രാജ്യത്തെല്ലാവരും കാണുന്നു എന്നറിയുന്നതും സന്തോഷമാണ്. ' - അഭിമാനത്തോടെ ഗംഗവ്വ പറഞ്ഞു നിറുത്തി.